Kerala
32കാരി ചിന്ത ജെറോമിന് വാക്‌സിൻ നൽകിയതെങ്ങനെ? പിൻവാതിൽ വാക്‌സിൻ ആരോപണം ശക്തം
Kerala

32കാരി ചിന്ത ജെറോമിന് വാക്‌സിൻ നൽകിയതെങ്ങനെ? 'പിൻവാതിൽ വാക്‌സിൻ' ആരോപണം ശക്തം

Web Desk
|
6 May 2021 12:55 PM GMT

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷൻ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനിൽക്കെയാണ് വിവാദം കനക്കുന്നത്.

യുവജന കമ്മീഷൻ ചെയർപേഴ്‌സണ്‍ ചിന്ത ജെറോം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനു പിന്നാലെ വിവാദം കനക്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, 32 വയസ്സുള്ള ചിന്തയ്ക്കു വാക്‌സിൻ നൽകിയതാണു വിവാദമായത്. പിൻവാതിൽ നിയമനം പോലെ സി.പി.എം ഭരണകാലത്തു 'പിൻവാതിൽ വാക്‌സിൻ' എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ ഫോട്ടോ കഴിഞ്ഞ ദിവസമാണ് ചിന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു വാക്‌സിൻ സ്വീകരിച്ചത്. സർക്കാർ ജീവനക്കാർക്കെല്ലാം കോവിഡ് വാക്‌സിൻ നൽകാമെന്ന കേന്ദ്ര സർക്കാർ മാർഗ നിർദേശം നിലവിലുള്ളതിനാലാണു വാക്‌സിൻ സ്വീകരിച്ചതെന്നാണ് ചിന്ത ജെറോം പറയുന്നത്. ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷമാണു വാക്‌സിനെടുത്തതെന്നും ചിന്ത പറയുന്നു.

യുവജന കമ്മീഷൻ ചെയർപേഴ്‌സണ് വകുപ്പു സെക്രട്ടറിയുടെ റാങ്കാണ്. സെക്രട്ടേറിയറ്റിലെയും വികാസ് ഭവനിലെയും ഭൂരിപക്ഷം ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായും ചിന്ത ചൂണ്ടിക്കാട്ടി. എന്നാൽ, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണു 18- 45 വയസ്സ് പ്രായപരിധി നോക്കാതെ വാക്‌സിൻ നൽകിയിട്ടുള്ളതെന്നാണ് ചിന്തയ്‌ക്കെതിരെയുള്ള പ്രധാന വാദം.

സംഭവത്തിൽ കൊല്ലം ബാറിലെ അഭിഭാഷകൻ ബോറിസ് പോൾ ചിന്തയുടെ ഫെയ്‌സ്ബുക് പോസ്റ്റ് സഹിതം മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. 18-45 വയസ്സ് പരിധിയിലുള്ളവർക്കു വാക്‌സിനേഷൻ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനിൽക്കുമ്പോൾ ചിന്ത ജെറോം വാക്‌സിനെടുത്തതു ഗുരുതര സംഭവമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പരാതി ഉചിതമായ നടപടിക്കായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി.

NO MORE UPDATES
Similar Posts