Kerala
Prashanth Shivan, Cow hug

Prashanth Shivan

Kerala

പശുവിനെ കെട്ടിപ്പിടിച്ചാൽ ഭ്രാന്ത് വരെ മാറും, വിദേശത്ത് ആളുകൾ കാശ് കൊടുത്ത് വരിനിൽക്കുന്നു: യുവമോർച്ച നേതാവ്

Web Desk
|
11 Feb 2023 4:35 PM GMT

പശുവുമായി ഇടപഴകുകയും അതിനെ കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ തലച്ചോറിൽ ഹാപ്പിനെസ് ഹോർമോണായ ഓക്‌സിഡോസിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഓട്ടിസം, ഡിപ്രഷൻ തുടങ്ങി സ്‌ക്രീസോഫ്രീനിയ പോലുള്ള മാരക രോഗങ്ങൾക്ക് പോലും 'കൗ ഹഗ്' ഗുണകരമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

കോഴിക്കോട്: പശുവിനെ കെട്ടിപ്പിടിച്ചാൽ മാനസിക സംഘർഷം കുറയുമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പശുവിനെ കെട്ടിപ്പിടിക്കുകയും പശുവിന്റെ സാമീപ്യമുണ്ടാവുകയും ചെയ്താൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ മാറുമെന്ന് പഠനങ്ങളുണ്ടെന്നും ലോകപ്രശസ്തമായ നിരവധി മെഡിക്കൽ മാഗസിനുകൾ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ജനം ടി.വി' ചർച്ചയിൽ പ്രശാന്ത് ശിവൻ പറഞ്ഞു.

അനിമൽ അസിസ്റ്റന്റ് തെറാപ്പി എന്നൊരു ചികിത്സാരീതി തന്നെ ലോകത്തുണ്ട്. 'പപ്‌മെഡിൻ' എന്ന മെഡിക്കൽ മാഗസിൻ 2011ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അനിമൽ അസിസ്റ്റന്റ് തെറാപ്പിക്ക് ഏറ്റവും യോജിച്ച മൃഗം പശുവാണെന്ന് പറയുന്നുണ്ട്. പശുവുമായി ഇടപഴകുകയും അതിനെ കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ തലച്ചോറിൽ ഹാപ്പിനെസ് ഹോർമോണായ ഓക്‌സിഡോസിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഓട്ടിസം, ഡിപ്രഷൻ തുടങ്ങി സ്‌ക്രീസോഫ്രീനിയ പോലുള്ള മാരക രോഗങ്ങൾക്ക് പോലും 'കൗ ഹഗ്' ഗുണകരമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

ഇന്ത്യയിൽ പശുവുമായുള്ള സമ്പർക്കത്തിലൂടെ കിട്ടുന്ന ആരോഗ്യഗുണങ്ങൾ പ്രചരിപ്പിച്ചതിനാൽ വിദേശ രാജ്യങ്ങളും ഇത് ഏറ്റെടുക്കുന്നുണ്ട്. അവിടെ നൂറും ഇരുനൂറും ഡോളർ കൊടുത്താണ് ആളുകൾ പശുവിനെ കെട്ടിപ്പിടിക്കുന്നത്. നെതർലന്റ്‌സിൽ പോയി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമിച്ചത്. ഖജനാവിൽ പണമില്ലാതിരുന്നിട്ടും അരക്കോടി രൂപ മുടക്കി തൊഴുത്തിൽ പശുക്കൾക്ക് പാട്ട് കേൾക്കാനുള്ള സൗകര്യം വരെ ഒരുക്കി. ഡച്ച് മാതൃക കണ്ടാണ് ഇത് നടപ്പാക്കുന്നതെന്നും പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.

വാലന്റൈൻസ് ഡേയിൽ എല്ലാവരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞിട്ടില്ല. താത്പര്യമുള്ളവർ മാത്രം പശുവിനെ കെട്ടിപ്പിടിച്ചാൽ മതി. മറ്റുള്ളവർക്ക് ആരെ വേണമെങ്കിലും കെട്ടിപ്പിടിക്കാം. ബി.ബി.സി വരെ കൗ ഹഗിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്ററി പൊക്കിപ്പിടിച്ച് നടക്കുന്നവർ എന്തുകൊണ്ടാണ് കൗ ഹഗിനെ കുറിച്ചുള്ള പഠനം വിസ്മരിക്കുന്നതെന്നും പ്രശാന്ത് ശിവൻ ചോദിച്ചു.

Related Tags :
Similar Posts