വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: പരസ്യത്തിൽ എം.എൽ.എയുടെ ഫോട്ടോ വെക്കാത്തതിൽ പ്രതിഷേധവുമായി സി.പി.ഐ; പരാതിയില്ലെന്ന് സി.കെ ആശ
|ടീം വർക്കായാണ് പരിപാടി നടത്തിയതെന്ന് മന്ത്രി വി.എൻ വാസവൻ
കോട്ടയം: സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ പോസ്റ്ററിൽ നിന്നും സി.കെ ആശ എംഎൽഎയെ ഒഴിവാക്കിയതിൽ പരാതിയുമായി സി.പി.ഐ. ആരു ചെയ്താലും ഇത് അംഗീകരിക്കാനാകില്ലെന്നും തെറ്റ് തിരുത്തണമെന്നും സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി പറഞ്ഞു. അതേസമയം, ടീം വർക്കായാണ് പരിപാടി നടത്തിയതെന്ന് മന്ത്രി വിഎൻ വാസവനും പ്രതികരിച്ചു.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പത്രങ്ങളിൽ പബ്ലിക്ക് റിലേഷൻ വകുപ്പ് നൽകിയ പരസ്യത്തിലാണ് സി.കെ ആശയുടെ പേര് ഇല്ലാതിരുന്നത്. പരിപാടിയുടെ മുഖ്യസംഘാടകയും സ്ഥലം എംഎൽഎയുമായ ആശയെ ഒഴിവാക്കിയത് അംഗീകരിക്കാൻ ആകില്ലെന്നാണ് സി.പി.ഐ പറയുന്നത്. പരിപാടിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചുവെങ്കിലും പത്ര പരസ്യത്തിൽ പേരില്ലാതിരുന്നതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് സിപിഐ പരാതിയും നൽകി.
അതേസമയം, വൈക്കം ശതാബ്ദി ആഘോഷവേദിയിൽ അവഗണിച്ചെന്ന വാർത്ത അവാസ്തവമാണെന്ന് സി.കെ ആശ എം.എൽ.എ പറഞ്ഞു. അർഹമായ പ്രാതിനിധ്യമാണ് എംഎൽഎ എന്ന നിലയിൽ ലഭിച്ചത്. പിആർഡി പരസ്യത്തിൽ തന്റെ പേര് ഉൾപ്പെടുത്തത്ത് ന്യൂനതയാണ് ഇക്കാര്യം സർക്കാർ ശ്രദ്ധിക്കുമെന്നും സി.കെ ആശ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എന്നാൽ എംഎൽഎയുടെ ഭാഗത്ത് നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി വി.എൻ വാസവൻ പറയുന്നത്. ടീം വർക്കായാണ് പരിപാടി നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു. അടുത്ത എൽ.ഡി.എഫിൽ സി.പി.ഐ ഈ വിഷയം പരാതിയായി ഉന്നയിക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയിൽ സി.കെ ആശയെ ഒഴിവാക്കിയെന്ന് പറഞ്ഞ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിട്ടുണ്ട്.