വിദേശ സർവകലാശാല വിഷയത്തിൽ സിപിഎമ്മിനെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ
|നയപരമായി വിയോജിപ്പുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്.
തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ സിപിഎമ്മിനെ വിയോജിപ്പ് അറിയിച്ചു. നയപരമായി വിയോജിപ്പുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്.
ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം പുനരാലോചന നടത്തുന്നുണ്ട്. സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിൽ വലിയ വിമർശനം ഉയർന്ന് വന്ന പശ്ചാത്തലത്തിലാണ് വിദേശ സർവ്വകലാശാല വിഷയത്തിൽ സിപിഐയ്ക്കുള്ള എതിർപ്പ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎമ്മിനെ അറിയിച്ചത്.
ഇടത് നയത്തിന് വിരുദ്ധമായ വിദേശ സർവ്വകലാശാല മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാതെ നടപ്പാക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം എം.വി ഗോവിന്ദനെ അറിയിച്ചു. കൂടുതൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്ന് എം.വി ഗോവിന്ദൻ മറുപടി പറഞ്ഞയാതാണ് വിവരം. സിപിഐ കടുത്ത എതിർപ്പുമായി വന്ന പശ്ചാത്തലത്തിൽ സിപിഎം പുനരാലോചനക്ക് തയ്യാറാകുന്നുണ്ട്.
ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പി.ബി ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. പി.ബി വിഷയം പരിഗണിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും. അതേസമയം ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിദേശ സർവ്വകലാശാല വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയേക്കും.