പാലായിലെ തോൽവിക്ക് കാരണം ജോസ് കെ.മാണി; വിമർശനവുമായി സി.പി.ഐ
|കേരള കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ വിമര്‍ശനം. ജോസ് കെ.മാണിക്ക് ജനകീയത ഇല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു മണ്ഡലത്തില്‍ ജനകീയത ഉണ്ടായിരുന്നതെന്നും സിപിഐ വ്യക്തമാക്കി. സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജോസ് കെ മാണിയെ നിശിതമായി വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു
ജനകീയതയില്ലായ്മയാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് വിലയിരുത്തിയ സിപിഐ, കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസ് പ്രവർത്തകരും നിസ്സംഗരായിരുന്നെന്നും സിപിഐ വിമര്‍ശിച്ചു. ഇടതു മുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തിൽ മാത്രമായി ഒതുങ്ങിപ്പോയതും അതുകൊണ്ടാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സി.പി.ഐ പറഞ്ഞു.
മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും അവലോകന റിപ്പോര്‍ട്ടില്‍ വിമർശനമുണ്ടായി. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായെന്നും വോട്ടർമാർക്ക് ഇടയിൽ രഹസ്യ മുറുമുറുപ്പ് ഉണ്ടായെന്നും അത് വോട്ടുചോര്‍ച്ചക്ക് കാരണമായെന്നും സിപിഐ വിലയിരുത്തി. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ റിപ്പോർട്ടില്‍ പറയുന്നു.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വീഴ്ച്ച വരുത്തിയെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടില്‍ വിമര്‍ശിച്ചിരുന്നു. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. സി.പി.ഐക്കെതിരെ പരാമർശങ്ങൾ ഉള്ളതായിരുന്നു സി.പി.എമ്മിൻെറ റിപ്പോർട്ട്. സമാന കുറ്റപ്പെടുത്തലാണ് സി.പി.െഎയും നടത്തുന്നത്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് വോട്ട് ചോർന്നു. സി.പി.എമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ മുന്നേറാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയിച്ച പറവൂരിൽ സി.പി.എം നേതാക്കളുടെ പ്രവർത്തനം സംശയകരമായിരുന്നെന്നും കുറ്റപ്പെടുത്തുന്നു