അലങ്കോലപ്പെട്ടു, പിന്നിൽ സംഘ്പരിവാർ തന്നെ; പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി സിപിഐ
|വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തള്ളി സിപിഐ. പൂരം അലങ്കോലപ്പെട്ടന്ന കാര്യത്തിൽ സംശയമില്ല. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.
പൂരം അടിമുടി അലങ്കോലപ്പെട്ടുവെന്ന പ്രചാരണത്തോട് യോജിപ്പില്ല. പക്ഷേ, പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. എല്ലാ ദേവസ്വങ്ങളും സമയത്തിന് പൂരം എഴുന്നെള്ളിച്ചെങ്കിലും തിരുവമ്പാടിക്ക് ചില കാരണങ്ങളാൽ സമയക്രമം പാലിക്കാനായില്ല. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ബാരിക്കേഡ് വലിച്ചുമാറ്റാനായിരുന്നു പിന്നീടുണ്ടായ ശ്രമം.
അവിടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങളുമായി ഉന്തും തള്ളും ചെറിയ തോതിൽ ലാത്തി ചാർജും ഉണ്ടായി. അതിന് പരിഹാരം ഉണ്ടാക്കുന്നതിന് പകരം നടന്നുകൊണ്ടിരിക്കുന്ന മേളം നിർത്തിവെക്കാനാണ് നിർദേശം കൊടുത്തത്. വെടിക്കെട്ട് അടക്കം നടത്തില്ല എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ആരൊക്കെയാണെന്നും സുനിൽകുമാർ ചോദിച്ചു.
വെടിക്കെട്ട് അലങ്കോലപ്പെടുത്തി രാഷ്ട്രീയമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘ്പരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുനിൽകുമാർ പറഞ്ഞു.