'ധനവകുപ്പിൻ്റെ നിസഹകരണം മന്ത്രിമാരുടെ പ്രവർത്തനത്തെ ബാധിച്ചു'; രൂക്ഷ വിമർശനമുന്നയിച്ച് സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ
|സി.പി.ഐ എൽ.ഡി.എഫിൽ തുടരണമോ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു
ഇടുക്കി: സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗം. ധനവകുപ്പിൻ്റെ നിസഹകരണം മന്ത്രിമാരുടെ പ്രവർത്തനത്തെ ബാധിച്ചെന്നും കേരളാ കോൺഗ്രസിന് മുന്നണിയിൽ അമിത പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തലുണ്ടായി. ദേശീയതലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായ സി.പി.ഐ എൽ.ഡി.എഫിൽ തുടരണമോ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുകാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന പൊതുവികാരം സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗത്തിലും ഉയർന്നു. മുന്നണി മാറ്റത്തിന്റെ ചർച്ച പോലും ഉണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയും വിമർശനമുയർന്നു. സി.പി.ഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും കേരളാ കോൺഗ്രസിൻ്റെ വരവ് ഗുണം ചെയ്തില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി.
രാജ്യസഭ സീറ്റ് പി പി സുനീറിന് നൽകിയതിന് പകരം ആനി രാജയെ പരിഗണിക്കാമായിരുന്നുവെന്നും ജില്ല കൗൺസിലിൽ അഭിപ്രായമുയർന്നു. ഇടുക്കിയിലെ പരാജയത്തിന് പ്രധാന കാരണം ഭൂപ്രശ്നങ്ങൾ തന്നെയാണെന്നും എല്‍.ഡി.എഫ് ജനങ്ങളില്‍ നിന്ന് അകന്നെന്നും ക്ഷേമപെൻഷനുകൾ സമയബന്ധിതമായി നൽകാൻ കഴിയാത്തത് തിരിച്ചടിയായെന്ന വിമർശനവും കൗൺസലിൽ ഉയർന്നു.