'ADGPക്കെതിരെ നടപടി ഉടന് വേണം, വൈകുംതോറും LDFനാണ് മങ്ങലേൽക്കുന്നത്': സിപിഐ നേതാവ് പ്രകാശ് ബാബു
|നടപടി സ്വീകരിക്കാൻ അന്വേഷണ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും ഇത്തരം വിഷയം രാഷ്ട്രീയ വിഷയമായി കാണണമെന്നും പ്രകാശ് ബാബു
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരായ നടപടി നീണ്ടുപോകരുതെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു. വിഷയവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത്ത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനമെഴുതിയിരുന്നു. നടപടി വൈകുന്നതിനാലാണ് ഇത്തരം പ്രതികരണം നടത്തിയതെന്നും എഡിജിപിക്കെതിരെ നടപടി വേഗത്തിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മീഡിയവണ്ണിനോട് പ്രതികരിച്ചു.
നടപടി വൈകുന്നതിനനുസരിച്ച് എൽഡിഎഫിനാണ് മങ്ങലേൽക്കുന്നത്. ആർഎസ്എസ് നേതാക്കളുമായി, ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി എന്ത് സംസാരിച്ചു, എന്തിന് വേണ്ടി സംസാരിച്ചു എന്നത് വ്യക്തമായില്ലെങ്കിൽ ജനങ്ങൾക്കിടയിൽ സംശയമുണ്ടാകും അതിനാലാണ് നടപടി നീളരുത് എന്ന് പറയുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ അന്വേഷണ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും ഇത്തരം വിഷയം രാഷ്ട്രീയ വിഷയമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ, ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും ലേഖനത്തിൽ പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു.
'ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞ പക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനേയോ രേഖാമൂലം അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റി നിർത്തണം'.- ലേഖനത്തിൽ പറയുന്നുണ്ട്.