കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ കൊല്ലുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേത്: പി എസ് സുപാല്‍
|കെ റെയില്‍ കേരളത്തിന്‍റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണെന്ന് സിപിഐ എംഎല്‍എ പി എസ് സുപാല്‍
കെ റെയില്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സി.പി.ഐ. കെ റെയില്‍ സംബന്ധിച്ച് സി.പി.ഐ യോഗങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നെങ്കിലും സഭയില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയാണ് സി.പി.ഐ നല്‍കിയത്. പി എസ് സുപാലാണ് സി.പി.ഐയെ പ്രതിനിധീകരിച്ച് സഭയില്‍ സംസാരിച്ചത്. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് കൊല്ലുകയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സുപാല്‍ കുറ്റപ്പെടുത്തി-
"കെ റെയില്‍ കേരളത്തിന്‍റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ്. ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് ഇറക്കിവിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണിത്. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് കൊല്ലുന്ന നിലപാടാണ് നിങ്ങള്‍ സ്വീകരിക്കുന്നത്. ചര്‍ച്ചയൊക്കെ ആവാം. പദ്ധതി വേണ്ടെന്ന നിലപാട് എന്തുകൊണ്ട് സ്വീകരിക്കുന്നു?"- എന്നാണ് സുപാലിന്‍റെ ചോദ്യം.
കേരളത്തെ നെടുകെ പിളര്‍ക്കുന്ന എക്സ്പ്രസ് ഹൈവേ നടപ്പാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോയത് നിങ്ങളാണെന്ന് സുപാല്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. എക്സ്പ്രസ് ഹൈവേ കോറിഡോര്‍ പദ്ധതി നിങ്ങള്‍ കൊണ്ടുവന്നതല്ലേ? കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ വികസന നയങ്ങള്‍ക്കതിരെ നിങ്ങള്‍ എന്തുകൊണ്ട് ഒന്നും പറയുന്നില്ല? നമ്മുടെ സംസ്ഥാന വികസനത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമായ നിലപാടല്ലേ കേന്ദ്രം സ്വീകരിക്കുന്നത്? റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. കേരളത്തിന് റെയില്‍വേ സോണ്‍ എത്രകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതേക്കുറിച്ചൊന്നും നിങ്ങളൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തോടുള്ള സുപാലിന്‍റെ ചോദ്യം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് കൊടുക്കുമ്പോള്‍ നമുക്ക് നല്‍കുന്നില്ല. ജിഎസ്ടി വിഹിതം നമുക്ക് നല്‍കുന്നില്ല. കേരളത്തില്‍ വികസനം നടപ്പാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കണ്ണൂര്‍ വിമാനത്താവളം യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇടതുപക്ഷ മുന്നണിയുടെ കാലത്താണ് ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെ യാഥാര്‍ഥ്യമാക്കിയത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയും ആര്‍എസ്എസുമായൊക്കെ ചേര്‍ന്ന് ഗെയില്‍ പൈപ്പ് ലൈന്‍ വരാതിരിക്കാന്‍ ദേശീയപാതാ വികസനത്തെ തടസ്സപ്പെടുത്തിയവരാണ് പ്രതിപക്ഷം. കുറ്റബോധമുണ്ടാകും നിങ്ങള്‍ക്ക്. നിങ്ങളുടെ കാലത്തുണ്ടായ ഏക വികസനം പാലാരിവട്ടം പാലം വികസനമാണ്. കെപിസിസി പ്രസിഡന്‍റിനും ബിജെപി പ്രസിഡന്‍റിനും കേരളത്തില്‍ ഒരേ അഭിപ്രായമാണെന്നും സുപാല്‍ ആരോപിച്ചു.