Kerala
ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകും പക്ഷേ സി.പി.ഐക്ക് മനസിലായിട്ടില്ല; ലോകായുക്തയിൽ അയയാതെ സി.പി.ഐ
Kerala

ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകും പക്ഷേ സി.പി.ഐക്ക് മനസിലായിട്ടില്ല; ലോകായുക്തയിൽ അയയാതെ സി.പി.ഐ

Web Desk
|
7 Feb 2022 6:32 AM GMT

ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി.

ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ഒപ്പിട്ട സാഹചര്യത്തിലും അയയാതെ സി.പി.ഐ. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിട്ടത്. ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി.

എന്നാല്‍ ആദ്യം മുതലേ ലോകായുക്ത നിയമഭേഗദതിയില്‍ എതിര്‍പ്പറിയിച്ച സി.പി.ഐ ഇപ്പോഴും നിലപാട് മയപ്പെടുത്തിയിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അതൃപ്തി വ്യക്തമാക്കി. ഭേദഗതിയുടെ ആവശ്യകത ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാൽ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്‍റെ പ്രതികരണം

അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത നിയമഭേദഗതിയില്‍ പ്രതിപക്ഷത്തിന് സമാനമായി എതിര്‍പ്പാണ് സിപിഐയും പ്രകടിപ്പിച്ചത്. ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ സര്‍ക്കാരിന് ആശ്വാസം ആയെങ്കിലും മുന്നണിയിലെ പ്രധാനഘടകകക്ഷിയായ സി.പി.ഐ അനുയനത്തിന്‍റെ പാതയിലെത്താത്തത് സിപിഎമ്മിന് തലവേദനയാണ്. ഓര്‍ഡിനന്‍സില്‍ ഇപ്പോഴും എതിര്‍പ്പുണ്ടെന്ന് കാനം തുറന്നടിച്ചു. ഓര്‍‍ഡിനന്‍സ് കൊണ്ട് വരാനുള്ള അടിയന്തര സാഹചര്യം പാര്‍ട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.

പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ട് വന്നിട്ടും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാത്തതിലുള്ള അതൃപ്തിയാണ് സി.പി.ഐയ്ക്കുള്ളത്. മുന്നണി നേതൃതലത്തില്‍ ചര്‍ച്ച നടത്താതെ ഇനിയും പ്രധാനപ്പെട്ട നിയമഭേദഗതികള്‍ തീരുമാനിക്കാന്‍ പാടില്ലെന്ന കൃത്യമായ സന്ദേശമാണ് സി.പി.എമ്മിന് സി.പി.ഐ നല്‍കുന്നത്. ഇപ്പോഴും പരസ്യഎതിര്‍പ്പ് പ്രകടപ്പിക്കുന്ന സാഹചര്യത്തില്‍ സിപിഎം നേതൃത്വം സിപിഐയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്ന നിയമോപദേശമാണ് നിയമഭേദഗതിക്ക് പിന്നിലെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്ന പരിഷ്കാരമാണ് ഇപ്പോള്‍ സര്‍ക്കാരിന് അനുകൂലമായത്. ഒരുപക്ഷേ ഗവര്‍ണര്‍ ഒപ്പിടാതെയിരുന്നെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts