'ക്രിസ്ത്യൻസഭകളുടെ പിന്തുണ നഷ്ടപ്പെട്ടു; ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ വോട്ട് ചെയ്തില്ല'-പുതുപ്പള്ളി ഫലത്തിൽ സി.പി.ഐ
|സർക്കാരിനെതിരായ വാർത്തകളും വോട്ടർമാരെ സ്വാധീനിച്ചെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ
തിരുവനന്തപുരം: പുതുപ്പള്ളിയിലെ തിരിച്ചടിക്കു കാരണം ക്രിസ്ത്യൻ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതുകൊണ്ടെന്ന് സി.പി.ഐ. 2021ൽ പിന്തുണച്ച ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ ഇത്തവണ മുന്നണിക്ക് വോട്ട് ചെയ്തില്ല. സർക്കാരിനെതിരായ വാർത്തകളും വോട്ടർമാരെ സ്വാധീനിച്ചെന്ന് സി.പി.ഐ നേതൃത്വം വിലയിരുത്തി.
അതേസമയം, ഭരണവിരുദ്ധ വികാരം ഉണ്ടായതായി കരുതുന്നില്ലെന്നാണു നേതൃത്വം പറയുന്നത്. എന്നാൽ, മാസപ്പടി വിവാദങ്ങളിൽ ഉൾപ്പെടെ സർക്കാരിനും മുഖ്യമന്ത്രിക്കും ഉൾപ്പെടെ വന്ന വാർത്തകൾ ജനങ്ങളെ സ്വാധീനിച്ചു. എന്നാൽ, എൽ.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നും സി.പി.ഐ വിലയിരുത്തി.
ഉപതെരഞ്ഞെടുപ്പിൽ വൈകാരികത യു.ഡി.എഫിനെ തുണച്ചെന്നാണ് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു മീഡിയവണിനോട് പ്രതികരിച്ചത്. മുന്നണിയിൽ വോട്ട് ചോർച്ചയുണ്ടായിട്ടില്ല. എൽ.ഡി.എഫ് ചിട്ടയായി യോജിച്ച പ്രവർത്തനം നടത്തി. സർക്കാരിന്റെ പ്രവർത്തനത്തിലുള്ള പോരായ്മകൾ, ശൈലി എന്നിവ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പരിശോധിക്കണമെന്നും വി.ബി ബിനു പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനു വേണ്ടി വോട്ടു മറിച്ചെന്ന ആരോപണങ്ങൾ നേരത്തെ കേരള കോൺഗ്രസ്(എം) തള്ളിയിരുന്നു. യു.ഡി.എഫ് വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു പ്രതികരിച്ചു. കേരളാ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: The CPI said that the reason for the setback in Puthuppally by-poll was the loss of support from the Christian churches. The assessment of the leadership is that the Orthodox and Jacobite factions that supported in 2021 did not vote for the Front this time