Kerala
CPI should stay away from Wayanad if there is concern about India Front: KC Venugopal
Kerala

ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ

Web Desk
|
11 March 2024 9:59 AM GMT

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു

മലപ്പുറം:ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. വയനാട് ഇഞ്ചോടിച്ചു പോരാട്ടം ഉണ്ടായ മണ്ഡലം ഒന്നുമല്ലെന്നും രാഹുലിന് ഹൃദയപരമായ അടുപ്പമുള്ളത് കൊണ്ടാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു. ഒരു സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നത് പാർട്ടിയുടെ അവകാശമാണ്. വയനാട്ടിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഒരു സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് കൂടാതെ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമാണ്. അത്തരമൊരാൾ മത്സരിക്കേണ്ടത് ബി.ജെ.പിയെ നേരിട്ടെതിർക്കാൻ കഴിവുള്ള ഒരു മണ്ഡലത്തിൽ നിന്നായിരിക്കണം എന്ന് രാജ പറഞ്ഞു.

'മറ്റേതെങ്കിലും പാർട്ടിയോട് മത്സരിച്ച് ജയിക്കേണ്ടയാളല്ല രാഹുൽഗാന്ധി , ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ നിന്നായിരിക്കണം രാഹുൽ മത്സരിക്കേണ്ടത്' - എന്നായിരുന്നു ഡി രാജയുടെ പ്രസ്താവന.

രാഹുൽ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്തിയതിനെ തങ്ങൾ സ്വീകരിച്ചു. അത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളെയും അതുണ്ടാക്കുന്ന അനൈക്യങ്ങളെയും ഭിന്നതകളെയും രാഹുൽ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ബി.ജെ.പിയല്ല, ഇടതുപക്ഷമാണ് പ്രധാനശത്രു എന്ന സന്ദേശം നൽകുകയാണെന്നും ഡി രാജ പറഞ്ഞു.വെള്ളിയാഴ്ച കോൺഗ്രസ് 39 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഡി രാജയുടെ പ്രതികരണം.



Similar Posts