സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം
|സംസ്ഥാനത്തെ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജ നടത്തിയ പ്രസ്താവനയെ ന്യായീകരിച്ചതിനാണ് വിമർശനം.
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് സംസ്ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം. സംസ്ഥാനത്തെ പൊലീസിനെതിരെ ആനി രാജ നടത്തിയ പ്രസ്താവനയെ ന്യായീകരിച്ചതിനാണ് വിമർശനം.
ഡി. രാജയെ നേരിട്ട് അതൃപ്തി അറിയിക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങുണ്ടായിരുന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. ഇതിനെതിരേ നേരത്തെ തന്നെ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി തന്നെ പ്രസ്താവനയിലുള്ള എതിർപ്പ് കേന്ദ്ര നേതൃത്വത്തിനെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
പക്ഷേ സംഭവത്തിൽ ആനിരാജയെ പിന്തുണച്ചു കൊണ്ടായിരുന്നു ഡി. രാജയുടെ നിലപാട്. കേരളത്തിലായാലും യുപിയിലായാലും പൊലീസിനെ വിമർശിക്കണമെങ്കിൽ വിമർശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ പ്രസ്താവനയ്ക്ക് എതിരേയാണ് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് നിലപാട് എടുത്തിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് പ്രസ്താവന തെറ്റാണെന്ന് വിലയിരുത്തിയിട്ടും വീണ്ടും ജനറൽ സെക്രട്ടറി പ്രസ്താവനയെ ന്യായീകരിച്ചത് ശരിയായില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ എതിർപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ബിനോയ് വിശ്വം എംപിയെ ചുമതലപ്പെടുത്തി.