പ്രായപരിധിയെചൊല്ലി സംഘർഷം പുകയുന്നു; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
|പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടാനുള്ള പ്രായം 75 വയസ്സായി നിജപ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് പാർട്ടിയിൽ കലാപം നടക്കുന്നത്
തിരുവനന്തപുരം: കടുത്ത വിഭാഗീയതയ്ക്കും വിമത നീക്കങ്ങൾക്കുമിടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം. പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടാനുള്ള പ്രായം 75 വയസ്സായി നിജപ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് പാർട്ടിയിൽ കലാപം. നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കെ.ഇ ഇസ്മായിലിന്റെയും സി ദിവാകരന്റെയും നേതൃത്വത്തിലാണ് കാനം രാജേന്ദ്രന് എതിരെയുള്ള പടയൊരുക്കം. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെയും ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരുടെയും പിന്തുണയും ഇവർ അവകാശപ്പെടുന്നു.
ബ്രാഞ്ച് സമ്മേളനം മുതൽ സംസ്ഥാന നേതൃത്വത്തിന്, പ്രത്യേകിച്ച് കാനം രാജേന്ദ്രനെതിരേ രൂക്ഷമായ വിമർശനങൽ ആണ് സമ്മേളനങ്ങളിൽ ഉയർന്നത്. ജില്ലാ സമ്മേളനങ്ങൾ ആയപ്പോൾ നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരിക്കാനും എതിർ വിഭാഗം തയ്യാറായി. പിണറായി വിജയൻ പറയുന്ന വഴിയിൽ കാനം സിപിഐ നയിക്കുകയാണെന്നും കാനം പിണറായിയുടെ അടിമയാണെന്നും വരെ ആക്ഷേപം ഉയർന്നു. അതിനിടുവിലാണ് പ്രായപരിധി നിബന്ധന ചൊല്ലിയുള്ള തർക്കം.
പാർട്ടി പദവികളിൽ75 വയസ് നിബന്ധന കൊണ്ടുവരാനുള്ള നിർദ്ദേശം ദേശീയ കൗൺസിൽ മുന്നോട്ടുവച്ചെങ്കിലും അത് അംഗീകരിക്കേണ്ടത് പാർട്ടി കോൺഗ്രസ് ആണ്. അതിനുമുമ്പേ സംസ്ഥാനതലത്തിൽ പ്രായപരിധി നിർബന്ധമാക്കാനുള്ള നീക്കം വെട്ടിനിരത്തലിന്റെ ഭാഗമെന്നാണ് കാനം വിരുദ്ധരുടെ ആരോപണം. പന്ന്യൻ രവീന്ദ്രൻ, കെ .ഇഇസ്മായിൽ, സി.ദിവാകരൻ എന്നിവരാണ് 75 കഴിഞ്ഞ പ്രമുഖർ. ഇതിൽ ദിവാകരനെയും ഇസ്മായിലിനെയും ലക്ഷ്യമിട്ടാണ് പ്രായപരിധി നിബന്ധന കൊണ്ടുവരുന്നത് എന്നാണ് ആക്ഷേപം. ശക്തമായ എതിർപ്പുയർത്തുന്നതും ഈ നേതാക്കൾ തന്നെ. പ്രായമാണോ ആരോഗ്യമാണോ സംഘടനയെ നയിക്കാൻ വേണ്ടതെന്ന ചോദ്യവും കാനത്തെ ലക്ഷ്യമിട്ട് എതിർവിഭാഗം ഉന്നയിക്കുന്നുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ച് ഒരുതവണ കൂടി സംസ്ഥാന സെക്രട്ടറി പദവിയിൽ കാനത്തിന് തുടരാം.
ഇത് അനുവദിക്കാതെ പുറത്താക്കാനാണ് വിമത വിഭാഗം ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാന സമ്മേളന പ്രതിനിധികളിൽ വ്യക്തമായ മേൽക്കൈയുള്ളതിനാൽ ആശങ്കപ്പെടാനില്ലെന്നാണ് കാനം പക്ഷത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിർണായകമാകും. സി.പി.ഐയുടെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് നാളെ പാർട്ടി സമ്മേളനത്തിന് കൊടി ഉയരുന്നത്.