Kerala
അനാവശ്യമായി ഇടപെട്ടു; ആനി രാജയെ പിന്തുണയ്ക്കാതെ സി.പി.ഐ സംസ്ഥാന നേതൃത്വം
Kerala

'അനാവശ്യമായി ഇടപെട്ടു'; ആനി രാജയെ പിന്തുണയ്ക്കാതെ സി.പി.ഐ സംസ്ഥാന നേതൃത്വം

Web Desk
|
17 July 2022 4:04 AM GMT

വിവാദത്തിന് തുടക്കമിട്ടത് ആനിയുടെ പ്രസ്താവനയാണെന്ന് പാർട്ടി വിലയിരുത്തൽ

തിരുവനന്തപുരം: എം.എം മണിയുമായുള്ള തർക്കത്തിൽ ആനി രാജയെ പിന്തുണയ്ക്കാതെ സി.പി.എം സംസ്ഥാന നേതൃത്വം. സി.പി.എം-കോൺഗ്രസ് തർക്കത്തിൽ ആനി രാജ അനാവശ്യമായി ഇടപെട്ടുവെന്നാണ് വിലയിരുത്തൽ. വിവാദത്തിന് തുടക്കമിട്ടത് ആനിയുടെ പ്രസ്താവനയാണെന്നും പാർട്ടി വിലയിരുത്തുന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയ്ക്ക് അനുകൂലമായി പരസ്യ നിലപാടെടുക്കാതെ അവഗണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

വടകര എം.എല്‍.എ കെ.കെ രമക്കെതിരെ എം.എം മണി എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് എം.എം. മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് പരാമര്‍ശമെന്നുമാണ് ആനി രാജ ഇതില്‍ ആദ്യം പ്രതികരിച്ചത്. 'കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണെന്ന് നേതാക്കൾ തിരിച്ചറിയണം. ഇത്തരം പ്രയോഗങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും അതിന്‍റെ മുന്നേറ്റത്തിനും കരിനിഴൽ വീഴ്ത്തുന്നതാണെന്നും' ആനി രാജ പറഞ്ഞു

ഡൽഹിയിലുള്ള ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് ഇതിനെതിരെ സി.പി.എം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി പ്രതികരിച്ചത്. ഇതിനും എം.എം മണിക്ക് മറുപടിയുമായി ആനി രാജയും രംഗത്തുവന്നു. മണി പറഞ്ഞത് പോലെ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്‍റേതെന്നും ആനിരാജ പറഞ്ഞു.


Similar Posts