'എന്തിനാണ് കൂടിക്കാഴ്ചയെന്ന് അറിയണം': ADGP- RSS കൂടിക്കാഴ്ചയിൽ കടുത്ത എതിർപ്പുമായി CPI
|'ഏത് ദേശീയ കാര്യം പറയാനാണ് എഡിജിപി രഹസ്യമായി ഒരു കാറിൽ കയറി ആർഎസ്എസ് മേധാവിയെ കാണാൻ പോയത്?'
തൃശൂർ: എഡിജിപി- ആർ എസ്എസ് കൂടിക്കാഴ്ചയെ തള്ളിയും എഡിജിപിയെ വിമർശിച്ചും സിപിഐ രംഗത്ത്. 'ഏത് ദേശീയ കാര്യം പറയാനാണ് എഡിജിപി രഹസ്യമായി ഒരു കാറിൽ കയറി ആർഎസ്എസ് മേധാവിയെ കാണാൻ പോയത്?' അതറിയാൻ ആകാംക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ, ഒരു കക്ഷി ആർഎസ്എസ് തന്നെയാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാറും പറഞ്ഞു. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് സുനിൽകുമാറിൻ്റെ പ്രതികരണം. എഡിജിപിയുടെ കൂടിക്കാഴ്ചയിൽ വസ്തുത അറിയില്ലെന്നും, നടന്നെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് കൂടിക്കാഴ്ച എഡിജിപി സമ്മതിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് അജിത് കുമാർ വിശദീകരിച്ചത്. ആർഎസ്എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി എത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.