എസ്.രാജേന്ദ്രനെ സ്വാഗതം ചെയ്ത് സി.പി.ഐ; തയ്യാറെങ്കിൽ ചർച്ചയാകാമെന്ന് ഇടുക്കി ജില്ലാ നേതൃത്വം
|രാജേന്ദ്രന്റെ വരവോടെ തോട്ടം മേഖലയിലടക്കം പാർട്ടിക്ക് മുൻതൂക്കമുണ്ടാക്കുമെന്നാണ് സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ
എസ്.രാജേന്ദ്രനെ സ്വാഗതം ചെയ്ത് സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വം. രാജേന്ദ്രന്‍ വരാന്‍ തയ്യാറായാല്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. ശരിയായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണ് വിവിധ മുന്നണികളിൽ നിന്നും പ്രവർത്തകർ സി.പി.ഐയിലേക്കെത്തുന്നതെന്നും കെ.കെ ശിവരാമന്‍ വ്യക്തമാക്കി.
എസ്. രാജേന്ദ്രനെതിരെ സി.പി.എം നടപടിയിലേക്ക് നീങ്ങിയ ഘട്ടംമുതല്‍ രാജേന്ദ്രന്‍ സി.പി.ഐയിലേക്കെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. എന്നാല്‍, അച്ചടക്ക നടപടിക്ക് ശേഷവും പാര്‍ട്ടി അനുഭാവിയായി തുടരുമെന്ന നിലപാടാണ് എ.സ് രാജേന്ദ്രന്‍ സ്വീകരിച്ചത്.
രാജേന്ദ്രന്റെ വരവോടെ തോട്ടം മേഖലയിലടക്കം പാർട്ടിക്ക് മുൻതൂക്കമുണ്ടാക്കുമെന്നാണ് സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സി.പി.എം കോട്ടയായിരുന്ന വട്ടവടയിൽ നിന്നടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്കെത്തിയത് ഇടുക്കിയിലെ ഇടത് മുന്നണി സംവിധാനത്തിൽ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്കെത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ നിലപാട് ഇടതുപക്ഷത്തിനുള്ളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.