Kerala
cpim uniform civil code
Kerala

ഒരു സെക്യുലറായ ഉദ്യോഗസ്ഥനെ നിയമിച്ച് പ്രചാരണം നടത്താമോ? ഏക സിവിൽകോഡിൽ സിപിഎം- 85ൽ നിയമസഭയിൽ നടന്നത്

Web Desk
|
9 July 2023 7:57 AM GMT

ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് സിപിഎം ഏക സിവില്‍ കോഡ് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയത്.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട വിവാദം സജീവമായി നിലനിൽക്കെ, 38 വർഷങ്ങൾക്ക് മുമ്പ് ഏകീകൃത പൊതുനിയമത്തിനു വേണ്ടി സിപിഎം കേരള നിയമസഭയിൽ നടത്തിയ പോരാട്ടം ചർച്ചയാകുന്നു. ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് (1985 ജൂലൈ 9, ചൊവ്വ) സിപിഎം അംഗങ്ങൾ ഏക സിവിൽ കോഡ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിപിഎം അംഗങ്ങളായ എം.വി രാഘവൻ, കെ.പി അരവിന്ദാക്ഷൻ, വി.ജെ തങ്കപ്പൻ, കെ.ആർ ഗൗരി, സി.ടി കൃഷ്ണൻ, ഇ. പത്മനാഭൻ, ഒ. ഭരതൻ, പി.വി കുഞ്ഞിക്കണ്ണൻ, എ.കെ പത്മനാഭൻ, ഇ.കെ നായനാർ എന്നിവരാണ് വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. ഏക സിവിൽകോഡ് കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായമെന്താണ്? ഇതിനായി ഒരു സെക്യുലർ ഉദ്യോഗസ്ഥനെ നിയമിച്ച് പ്രചാരണം നടത്താമോ? തുടങ്ങിയവയായിരുന്നു സിപിഎം അംഗങ്ങളുടെ ചോദ്യം.

മുഖ്യമന്ത്രി കെ. കരുണാകരന് പകരം ജലസേചന വകുപ്പു മന്ത്രി എം.പി ഗംഗാധരനാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. ഏക സിവിൽ കോഡ് കേന്ദ്രവിഷയമാണ് എന്നും സംസ്ഥാന സർക്കാർ അക്കാര്യത്തിൽ പ്രത്യേക തീരുമാനമെടുത്തിട്ടില്ല എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. ഏക സിവിൽ കോഡ് കൊണ്ടുവരാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ രേഖകളിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ.

വിഷയത്തിൽ സിപിഎം അംഗം എ.കെ പത്മനാഭനാണ് ആദ്യത്തെ ചോദ്യം ഉന്നയിച്ചത്. അതിങ്ങനെ;

(എ) ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ ഇടയിൽ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രത്തിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ടോ?

(ബി) പ്രശ്‌നം സംബന്ധിച്ച് കേരള സർക്കാറിന്റെ അഭിപ്രായം വ്യക്തമാക്കാമോ?

അത്തരമൊരു നീക്കം കേന്ദ്രത്തിൽനിനിന്ന് ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എം.പി ഗംഗാധരൻ മറുപടി നൽകിയത്. ഉപചോദ്യത്തിന്, ഈ പ്രശ്‌നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബദൽ രേഖാ വിവാദത്തെ തുടർന്ന് പിന്നീട് സിപിഎമ്മിൽനിന്ന് പുറത്തായ മുതിർന്ന നേതാവ് എംവി രാഘവന്റേതായിരുന്നു രണ്ടാമത്തെ ചോദ്യം. അതിങ്ങനെ;

പാർലമെന്റിൽ ഇതിനെ കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായമറിയാൻ വേണ്ടി നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നാണ് മറുപടി പറഞ്ഞത്. അത് കേരളത്തിന് മാത്രമായി എന്താണ് കിട്ടാതെയിരുന്നത് എന്നെനിക്കറിയില്ല.....കേരളത്തിൽ സിവിൽ കോഡ് ഇല്ലാത്തതു കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ധാരാളമാണ്. അതു പരിഗണിച്ച് ഒരു പുതിയ സിവിൽ കോഡ് ഈ രാജ്യത്തെ ന്യൂനപക്ഷത്തിന് കൂടി ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിർദേശക തത്വങ്ങൾ നടപ്പിലാക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിന് ഈ ഗവൺമെന്റ് എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?

മന്ത്രി ഗംഗാധരന്റെ ഉത്തരത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ; 'കേന്ദ്രഗവൺമെന്റ് ചെയ്യേണ്ട കാര്യമാണിത്. കേന്ദ്ര ഗവൺമെന്റിനെ ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കേണ്ടത് കേന്ദ്ര ഗവൺമെന്റാണ്.'

ഭരണഘടനയിലെ നിർദേശക തത്വങ്ങൾ അടങ്ങിയ 44-ാം വകുപ്പ് എടുത്തു കളയണമെന്ന് ഈ ഗവൺമെന്റിന് അഭിപ്രായമുണ്ടോ എന്ന എംവി രാഘവന്റെ അടുത്ത ചോദ്യത്തിന്, 'അങ്ങനെ ഒരു വകുപ്പും എടുത്തുകളയണമെന്ന അഭിപ്രായമില്ല. ഇതൊക്കെ ഇന്ത്യാ ഗവൺമെന്റാണ് ചെയ്യേണ്ടത്. ഇന്ത്യൻ ഭരണഘടനയിൽനിന്ന് ഏതെങ്കിലും വകുപ്പ് എടുത്തു കളയണമോ ഏതെങ്കിലും വകുപ്പിന് അമെന്റ്‌മെന്റ് (ഭേദഗതി) വേണമോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഇന്ത്യാ ഗവൺമെന്റാണ്.' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ മറുപടിക്ക് തിരിച്ചടിച്ച രാഘവൻ, 'ഭരണഘടനാ ഭേദഗതിക്ക് ഇന്ത്യൻ പാർലമെന്റിനേ അധികാരമുള്ളൂ എന്ന് എനിക്കുമറിയാം. ഇക്കാര്യത്തിൽ കേരള ഗവൺമെന്റിന് എന്തെങ്കിലും അഭിപ്രായമുണ്ടോ അതോ, നപുംസക നയമാണോ എന്നാണ് അറിയേണ്ടത്' എന്നു ചോദിച്ചു. ഇതിനോട് മന്ത്രി പ്രതികരിച്ചില്ല.

വി.ജെ തങ്കപ്പൻ എംഎൽഎയുടേതായിരുന്നു അടുത്ത ചോദ്യം. ഏക സിവിൽ കോഡ് ലക്ഷ്യം നേടുന്നതിന് വേണ്ടി സംസ്ഥാന ഗവൺമെന്റോ അല്ലെങ്കിൽ കോൺഗ്രസ് പാർട്ടിയോ എന്തെങ്കിലും പ്രചാരണ പരിപാടി നടത്തി ആ ലക്ഷ്യപ്രാപ്തിയിലെത്താൻ തയ്യാറാകുമോ? എന്നായിരുന്നു ചോദ്യം.

'പൊതു സിവിൽ കോഡ് ഉണ്ടാകണമെന്നത് നിർദേശക തത്വമാണ്. ഫണ്ടമെന്റൽ റൈറ്റ് അല്ല. ഡയറക്ടീവ് പ്രിൻസിപ്പിളും ഫണ്ടമെന്റൽ റൈറ്റും തമ്മിലുള്ള വ്യത്യാസം, ഒന്ന് എൻഫോഫ്‌സിബിൾ (അടിച്ചേൽപ്പിക്കുന്നത്) അല്ല, ജസ്റ്റിഫയബിളാണ്. മറ്റേത് എൻഫോഴ്‌സിബിളുമാണ്, ജസ്റ്റിഫയബിളുമാണ്. അതുകൊണ്ട് നിർദേശക തത്വങ്ങളിൽ ഇന്ത്യാ ഗവൺമെന്റാണ് നിയമങ്ങൾ കൊണ്ടു വന്ന് നടപടി സ്വീകരിക്കേണ്ടത്.' - എന്നായിരുന്നു മന്ത്രിയുടെ മറുപടി.



44-ാം വകുപ്പ് ഡയറക്ടീവ് പ്രിൻസിപ്പിളാണ് എന്ന് തനിക്കറിയാമെന്ന് പറഞ്ഞ തങ്കപ്പൻ, സംസ്‌കാരിക വകുപ്പിൽ കുറേക്കൂടി സെക്കുലറായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ഒരു പ്രചാരണം (ഏക സിവിൽ കോഡ് വിഷയത്തിൽ) സംഘടിപ്പിക്കാൻ ഈ ഗവൺമെന്റ് തയ്യാറാകുമോ എന്നും ചോദിച്ചു.

'അങ്ങനെയൊരു സെക്കുലർ ഉദ്യോഗസ്ഥനെ നിയമിക്കുന്നതു കൊണ്ടോ നിയമിക്കാതിരിക്കുന്നതു കൊണ്ടോ ഈ പ്രശ്‌നം പരിഹരിക്കാൻ സാധ്യമല്ല. അത് പരിഹരിക്കേണ്ടത് ഇന്ത്യാ ഗവൺമെന്റാണ്' എന്ന മറുപടിയാണ് മന്ത്രി നൽകിയത്.

ചർച്ചയിൽ ശരീഅത്ത് നിയമങ്ങളെ കുറിച്ച് സി.ടി കൃഷ്ണനാണ് സംസാരിച്ചത്. 'വിവാഹമോചനം കഴിഞ്ഞ സ്ത്രീക്ക് ചെലവിന് കൊടുക്കണമെന്ന് ശരീഅത്ത് നിയമമോ മറ്റു ഇസ്‌ലാമിക നിയമങ്ങളോ അനുശാസിക്കുന്നില്ല. അതിനാൽ വിവാഹമോചനം നടത്തുന്ന സ്ത്രീകൾക്ക് ചെലവിന് കൊടുക്കുന്ന പ്രശ്‌നമേയില്ല- 16-4-1985ൽ മാതൃഭൂമി പത്രത്തിൽ വന്ന ഈ വാർത്ത സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഉപമുഖ്യമന്ത്രി -കെ അവുക്കാദർ കുട്ടി നഹ- ഇത്തരത്തിൽ പ്രസ്താവിച്ചതിനെ കുറിച്ച് ഗവൺമെന്റിന് എന്താണഭിപ്രായം? എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം.

ഇങ്ങനെ പത്രത്തിൽ വരുന്നതിനൊക്കെ ഇവിടെ പറയാൻ പറ്റില്ല എന്ന് മന്ത്രി മറുപടി നൽകി. തൊട്ടുപിന്നാലെ, വ്യക്തിനിയമവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി അനുസരിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് സുലൈമാൻ സേട്ട് പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു കൃഷ്ണന്റെ ചോദ്യം. സുപ്രിം കോടതിയുടെ നിയമം അനുസരിക്കില്ല എന്ന് പറഞ്ഞതായി അറിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വർത്തമാന കാല യാഥാർത്ഥ്യങ്ങളും വസ്തുതകളും കണക്കിലെടുത്ത് കോമൺ സിവിൽകോഡ് ആവശ്യമാണ് എന്ന് ഈ ഗവൺമെന്റ് അംഗീകരിക്കുന്നുണ്ടോ എന്നാണ് ഇ. പത്മനാഭൻ ചോദിച്ചത്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഗംഗാധരൻ മറുപടി നൽകി.

ഒ. ഭരതൻ എംഎൽഎയുടെ ചോദ്യം ഇങ്ങനെ; 'ഒരു പൊതുസിവിൽ കോഡ് അടിയന്തരമായി കൊണ്ടുവരണമെന്നുള്ള സുപ്രിംകോടതിയുടെ അടുത്ത കാലത്തെ അഭിപ്രായ ഗതിക്കെതിരായി ഈയിടെ മുസ്‌ലിം ദേവാലയങ്ങളിൽ നടന്ന സംഘടിതമായ പ്രക്ഷോഭണങ്ങളെ കുറിച്ചുള്ള സർക്കാറിന്റെ അഭിപ്രായമെന്താണ്?'

സുപ്രിം കോടതി അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ചർച്ചയിൽ മുഖ്യമന്ത്രി കെ. കരുണാകരൻ നിയമസഭയിൽ ഹാജരില്ലാത്തതിനെ പി.വി കുഞ്ഞിക്കണ്ണൻ എംഎൽഎ ചോദ്യം ചെയ്തു. പാർട്ടിയുടെ അഖിലേന്ത്യാ നയത്തിന് വിരുദ്ധമായി പറയേണ്ടി വരുമെന്നുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി ഗംഗാധരനെ മറുപടി പറയാൻ ഏൽപ്പിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതോടെ സഭയിൽ അൽപ്പ നേരം ബഹളമുണ്ടാകുകയും ചെയ്തു.

ഭരണഘടനയുടെ 44-ാം വകുപ്പ് എടുത്തു മാറ്റണെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തെ കുറിച്ച് എന്താണ് സർക്കാറിന്റെ അഭിപ്രായം എന്ന പത്മനാഭന്റെ ചോദ്യത്തിന്, ഏതെങ്കിലും രാഷ്ട്രീയ കക്ഷി സംസ്ഥാന സർക്കാറിനോട് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ ഉത്തരം.

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ നായനാരും ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഉദ്ധരിച്ചായിരുന്നു നായനാരുടെ ചോദ്യം.

'സംസ്ഥാന ഗവൺമെന്റിന്റെ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്ന് ചോദ്യത്തിലുണ്ടെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ഈ ഡയറക്ടീവ്‌സ് ഭരണഘടനാ ഹെഡിംഗ് തന്നെ, Uniform Civil Code എന്നാണ്. The State shall endeavour to secure for the citizens a uniform Civil Code throughout the territory of India...... എന്നാണ് 44-ാം വകുപ്പ് പറയുന്നത്. ഇത് 35 കൊല്ലമായി ഡെഡ് ഹെഡ്ഡായിരിക്കുകയാണ്. അതേസമയം, അതിനെ സംബന്ധിച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധി മിനിഞ്ഞാന്ന്, പൊതു സിവിൽ കോഡ് വേണമെന്നു പറയുന്ന 44-ാം വകുപ്പ് നീക്കം ചെയ്യുവാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടി നൽകുകയുണ്ടായി. ഇതിനെ ആധാരപ്പെടുത്തിയാണ് ഇവിടെ ചോദിച്ച ചോദ്യം. 44-ാം വകുപ്പിൽ പറയുന്നത് for a Civil Code for Indian Citizens എന്നാണ്. ഈ വകുപ്പിനെതിരായിട്ടുള്ള അഭിപ്രായങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ശബ്ദമുയർത്തുന്നുണ്ട്. ഇതിനെ പറ്റി കേരള ഗവൺമെന്റിന്റെ സമീപനമെന്താണ് എന്നാണ് ഇവിടെ ചോദിച്ചത്. എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല' എന്നായിരുന്നു നായനാരുടെ ചോദ്യം.

'ഇത് ഇന്ത്യയുടെ പാർലമെന്റ് തീരുമാനിക്കേണ്ട കാര്യമാണ്. സംസ്ഥാന ഗവൺമെന്റ് എടുക്കേണ്ടതല്ല. രാജ്യത്ത് പല വർഗങ്ങളും പല ജാതികളും പല മതങ്ങളും പല നിയമങ്ങളും നിലവിലുണ്ട്. ആ നിയമങ്ങളിലൊക്കെ മാറ്റം വരുത്തേണ്ടത് ഇന്ത്യാ ഗവൺമെന്റ് ആയതു കൊണ്ട് സംസ്ഥാന ഗവൺമെന്റിന് ഇക്കാര്യത്തിൽ പ്രത്യേക തീരുമാനമെടുത്തിട്ടില്ല... എതെങ്കിലും സമൂഹത്തെ അടിച്ചമർത്തുന്ന നിയമം ഇന്ത്യയിൽ കൊണ്ടുവരുന്ന പ്രശ്‌നമില്ല എന്ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.' - എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Similar Posts