വനിതാ ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
|കരാർ ജീവനക്കാരിയോട് ലൈംഗിക ചുവയോട് സംസാരിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാൻ കോട്ടയിൽ രാജുവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നത്
കൊല്ലം: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റിയേക്കും. കരാർ ജീവനക്കാരിയോട് ലൈംഗിക ചുവയോട് സംസാരിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി.
ഭർത്താവിന്റെ ചികിത്സ സഹായവും ആയി ബന്ധപ്പെട്ട് ചെയർമാനേ കാണാൻ എത്തിയപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതാണ് കരുനാഗപ്പള്ളി നഗരസഭ കരാർ ജീവനക്കാരിയുടെ പരാതി. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തതിന് പിന്നാലെ വിഷയം കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് ചർച്ച ചെയ്‌തു.
കോട്ടയിൽ രാജുവിനെ സ്ഥാനത്തു നിന്ന് മാറ്റണം എന്നതാണ് സെക്രട്ടറിയേറ്റിൽ ഉയർന്നുവന്ന പൊതു അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയിൽ രാജു ദിവസങ്ങൾക്കുള്ളിൽ ചെയർമാൻ സ്ഥാനമൊഴിയുമെന്നാണ് സൂചന. തനിക്കെതിരായ പരാതിയിൽ ഗൂഡാലോചനയുണ്ടെന്നാണ് കോട്ടയിൽ രാജു പാർട്ടിക്ക് നൽകിയ വിശദീകരണം. പാർട്ടിക്കുള്ളിൽ നിന്ന് ചിലർ നടത്തുന്ന ഗൂഢാലോചനയാണ് പരാതിക്ക് പിന്നിൽ എന്നും രാജുവിന്റെ അടുപ്പക്കാർ പറയുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നാണ് കോട്ടയിൽ രാജുവിനെ അനുകൂലിക്കുന്നവരുടെ വാദം.
അതേസമയം, ചെയർമാൻ സ്ഥാനം നാല് വർഷം സിപിഎമ്മിനും ഒരു വർഷം സിപിഐക്കും എന്നതാണ് മുന്നണി ധാരണയെന്ന് സിപിഎം ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. കോട്ടയിൽ രാജുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകളും പ്രതിഷേധം ശക്‌തമാക്കുന്നുണ്ട്.