Kerala
CPIM is working to proselytize Muslim community rather than rationalists: Wisdom leader

അഡ്വ. കെ അനില്‍കുമാര്‍, ടി.കെ അഷ്റഫ്

Kerala

യുക്തിവാദികളേക്കാൾ മുസ്‍ലിം സമുദായത്തെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സി.പി.എമ്മാണ്: വിസ്ഡം

Web Desk
|
2 Oct 2023 3:45 PM GMT

അനിൽകുമാറിന്റെ പ്രസംഗത്തിലുടെ മതരഹിതമായ സമൂഹമാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്ന് മനസിലാക്കാമെന്ന് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് പറഞ്ഞു

സി.പി.എം നേതാവ് അനിൽകുമാറിന്റെ പ്രസംഗത്തിലുടെ മതരഹിതമായ സമൂഹമാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്ന് മനസിലാക്കാമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്. യുക്തിവാദികളെക്കാൾ മുസ് ലിം സമുദായത്തെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സി.പി.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകൾക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാണെന്നും ടി.കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.

സി.പി.എമ്മിന് മുസ്ലിം സമുദായത്തിന്റെ മതവിശ്വാസത്തോട് മാത്രമായിട്ട് എന്താണിത്ര പ്രശ്‌നമെന്ന് മുസ്ലിം സമുദായമെങ്കിലും ചിന്തിച്ചാൽ നല്ലത്. അഡ്വ.അനിൽകുമാറിന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും പാർട്ടിയുടെയും സർക്കാറിന്റേയും നയം ഇത് തന്നെയാണോയെന്ന് തുറന്ന് പറയാൻ തയ്യാറാകണമെന്നും ടി.കെ അഷ്‌റഫ് കൂട്ടിചേർത്തു.

ടി.കെ അഷ്റഫിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ട് തന്നെയാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ യുക്തിവാദി സംഘടനയുടെ പരിപാടിയിൽ വെച്ച് പ്രസംഗിച്ചതിലൂടെ രണ്ട് കാര്യം പുറത്ത് വന്നിരിക്കുകയാണ്. മതരഹിത സമൂഹമാണ് സി.പി.എം ലക്ഷ്യം വെക്കുന്നത് എന്ന യാഥാർഥ്യം മറ നീക്കി പുറത്ത് വന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, യുക്തിവാദികളെക്കാൾ മുസ് ലിം സമുദായത്തെ, വിശിഷ്യാ മുസ്ലിം പെൺകുട്ടികളെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സി .പി.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകൾക്ക് അവകാശപ്പെട്ടതല്ലെന്നു കൂടി വ്യക്തമാക്കുകയാണ്.

യുക്തിചിന്ത, ലിംഗസമത്വം, ജന്റർ ഓഡിറ്റിംഗ്, ലിംഗാവബോധം എന്നിവ എത്ര വിമർശന വിധേയമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടിൽ നിന്ന് ഒഴിച്ച് നിർത്താൻ സാധ്യമാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതരഹിത സമൂഹസൃഷ്ടിയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് എല്ലാ ജനകീയ ചർച്ചകളെയും അട്ടിമറിച്ച് ഒന്നാമത്തെ കരടിലെ അതേ ആശയങ്ങൾ സാധാരണക്കാരന്റെ കണ്ണിൽ പൊടിയിട്ടു കൊണ്ട് വീണ്ടും ഉൾപ്പെടുത്തിയത്.

മുസ്ലിം പെൺകുട്ടികളുടെ തട്ടമഴിക്കാൻ മാത്രം കാണിക്കുന്ന ഈ ധൃതിക്ക് പിന്നിൽ എന്താണ്? സി.പി.എം മുൻ ദേശീയ ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് സിഖ് സമുദായത്തിന്റെ മതചിഹ്നമായ തലപ്പാവ് മരണം വരെ അഴിച്ചില്ലയെന്നതും ഇതിനോട് ചേർത്ത് ചിന്തിക്കേണ്ടതുണ്ട്. സി.പി.എമ്മിന് മുസ്ലിം സമുദായത്തിന്റെ മതവിശ്വാസത്തോട് മാത്രമായിട്ട് എന്താണിത്ര പ്രശ്‌നമെന്ന് മുസ്ലിം സമുദായമെങ്കിലും ചിന്തിച്ചാൽ നല്ലത്. അഡ്വ.അനിൽകുമാറിന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മാഷും പാർട്ടിയുടെയും സർക്കാറിന്റേയും നയം ഇത് തന്നെയാണോയെന്ന് തുറന്ന് പറയാൻ തയ്യാറാകണം.

Similar Posts