'ക്വട്ടേഷനെ സിപിഎം എതിർക്കുന്ന പോലെ മറ്റൊരു പാർട്ടിയും ചെയ്യുന്നില്ല, ക്വട്ടേഷൻ രാഷ്ട്രീയ പ്രവർത്തനമല്ല'- എം.വി ജയരാജൻ
|'ക്വട്ടേഷൻകാരുടെ നവമാധ്യമ ഇടപ്പെൽ പാർട്ടിക്ക് വേണ്ട. ചുവപ്പ് തലയിൽ കെട്ടി നടന്നാൽ മനസ്സിൽ ചുവപ്പുണ്ടാകില്ല'
കണ്ണൂർ: ക്വട്ടേഷനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് സിപിഎം സമീപനമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തില്ലങ്കേരിയായാലും മറ്റെവിടെ ആയാലും ക്വട്ടേഷനെതിരെ സിപിഎമ്മിന് ഒരു നിലപാടേ ഉള്ളൂ. അതിൽ ഭിന്നതയില്ലെന്നും ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
'ക്വട്ടേഷൻ രാഷ്ട്രീയ പ്രവർത്തനമല്ല. ക്വട്ടേഷൻ സംഘങ്ങൾ ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നു. ആഡംബര വാഹനങ്ങൾ വാങ്ങുന്നു. സമ്പത്തിലൂടെ എന്തും പിടിച്ചെടുക്കാമെന്ന ഹുങ്കുണ്ടാകുന്നു. അതിലൊരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കുന്നു. അത്തരക്കാരെ ആരാധന മനോഭാവത്തോടെ ചിലർ കാണുന്നു'- ജയരാജൻ പറഞ്ഞു.
മാധ്യമങ്ങൾ വിമർശിക്കണം പക്ഷേ ആത് വസ്തുനിഷ്ഠമാകണം. ക്വട്ടേഷൻകാരുടെ നവമാധ്യമ ഇടപ്പെൽ പാർട്ടിക്ക് വേണ്ട. ചുവപ്പ് കൊണ്ട് തലയിൽ കെട്ടി നടന്നാൽ മനസ്സിൽ ചുവപ്പുണ്ടാകില്ല. നാടിനോട് കൂറുണ്ടെങ്കിൽ പേരിലെ ആ സ്ഥലപര് മാറ്റണം. കക്കൂസ് മാലിന്യം പോലെ ഒരു സ്ത്രീക്കെതിരെ നവമാധ്യമങ്ങളിൽ തെറിയഭിഷേകം നടത്തുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചത്.
അതിനിടെ ഒരുമാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കകം അപ്രത്യക്ഷമായി.
'ഞങ്ങളിൽ ഒരാൾ ഒരുമാസംകൊണ്ട് കൊല്ലപ്പെടും. ഉത്തരവാദി പാർട്ടി അല്ല. മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർ.എസ്.എസും മറ്റും ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെമേൽ മേൽകെട്ടിവെച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷംപോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത്. തമ്മിലടിച്ച് ചോരകുടിക്കുന്ന മാധ്യമങ്ങൾ നമ്മുടെ കുറിപ്പായി ഇതു കരുതണം' എന്നിങ്ങനെയാണ് കുറിപ്പ്.