സി.പി.എം നേതാവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് അന്തരിച്ചു
|ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കണ്ണൂര്‍: സി.പി.എം നേതാവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന് അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലശ്ശേരി എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളും വഹിച്ചു.
വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ൽ സി.പി.എം അംഗമായി. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.
എറണാകുളം വൈപ്പിന്‍ സ്വദേശിനിയാണ്. 1948 ആഗസ്ത് മൂന്നിനാണ് ജനനം. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂൾ, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന.
Summary- CPIM leader M C Josephine passes away