സിപിഎം നേതാവിന്റെ കൊലപാതകം: പ്രതികള്‍ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്, ഇനി പിടികൂടാനുള്ളത് ഒരാളെ
|മൂന്ന് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. മറ്റ് രണ്ടു പേര് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
പത്തനംതിട്ട തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയിലായി. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇനി അഭി എന്നയാളെയാണ് പിടികൂടാനുള്ളത്.
പിടിയിലായ നാല് പേരും ജയിലില്‍ വെച്ച് പരിചയപ്പെട്ട് സൌഹൃദത്തിലായവരാണ്. ഏറ്റുമാനൂരിലെ ഒരു പിടിച്ചുപറി കേസില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ ജിഷ്ണു ആര്‍എസ്എസ് പശ്ചാത്തലമുള്ളയാളാണ്. പ്രതിക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മറ്റുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
മൂന്ന് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. മറ്റ് രണ്ടു പേര് സന്ദീപിനെ രക്ഷിക്കാന്‍ ആരും വരാതിരിക്കാന്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപാതകത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു ഇവര്‍. കരുവറ്റയിലെ കോളനിയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡയിലെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച അവസ്ഥയിലാണ് പ്രതികളെ പിടികൂടിയത്. അതിനാല്‍ ഇവരുടെ പ്രാഥമിക മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ആർ.എസ്.എസ് ക്രിമിനലുകൾ ആസൂത്രിതമായാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനകീയ നേതാവിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. ആർഎസ്എസിന്റെ കൊലക്കത്തിക്ക് മുന്നിൽ സിപിഎം മുട്ടുമടക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.