പി ജയരാജന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലി സി.പി.എമ്മിൽ ഭിന്നത
|പ്രകോപനത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് എം.വി ഗോവിന്ദന്‍. പി.ജയരാജൻ ക്രിമിനൽ പശ്ചാത്തലത്തെ അംഗീകരിക്കാത്ത നേതാവെന്ന് ഇ.പി ജയരാജൻ
കണ്ണൂര്‍: പി.ജയരാജന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലി സി.പി.എമ്മിൽ അഭിപ്രായ ഭിന്നത. പ്രകോപനത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം നിലനിർത്താനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലത്തെ അംഗീകരിക്കാത്ത നേതാവാണ് പി ജയരാജനെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കി.
യുവമോർച്ച പ്രവർത്തകർക്കു നേരെ ഭീഷണി ഉയർത്തിയ പി.ജയരാജന്റെ പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കൊലപാതകം നടന്നാൽ പോലും തിരിച്ചടി വേണ്ടന്നാണ് സി.പി.എം നിലപാട്. തലശ്ശേരിയിൽ പി.ജയരാജൻ നടത്തിയ പ്രസംഗത്തെ പൂർണമായും തള്ളിക്കളയുകയാണ് എം.വി ഗോവിന്ദൻ ചെയ്തത്.
"പ്രകോപനപരമായ നിലപാട് സ്വീകരിക്കാനോ ഏതെങ്കിലും രീതിയിലുള്ള സംഘർഷത്തിലേക്ക് പോകാനോ പാർട്ടി ഉദ്ദേശിക്കുന്നില്ല. സമാധാനപരമായ നിലപാട് സ്വീകരിക്കണം എന്ന് തന്നെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അതേ രീതിയിൽ പ്രതിരോധിക്കേണ്ടതില്ല എന്ന് കോടിയേരിയുടെ കാലത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടിലാണ് പാർട്ടി ഉറച്ചു നിൽക്കുന്നതും"- എം.വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ജയരാജൻ നടത്തിയത് പ്രാസഭംഗിക്ക് ചേർന്ന പ്രയോഗം മാത്രമാണെന്ന മുൻ നിലപാട് ആവർത്തിക്കുകയാണ് കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജൻ. ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ നിലപാട് ഉണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. പി ജയരാജന്റെ പരാമർശത്തെ ചൊല്ലി സി.പി.എമ്മിൽ ഏകാഭിപ്രായമില്ലെന്നാണ് ഇരു നേതാക്കളുടെയും വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി.ജയരാജന്റെ പ്രസ്താവന. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിക്കായിരുന്നു ജയരാജന്റെ മറുപടി. ജോസഫ് മാഷിന്‍റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിന്‍റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.