ഐ.ടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ; മദ്യനയത്തിന് സി.പി.എമ്മിന്റെ അംഗീകാരം
|അടുത്ത മന്ത്രിസഭായോഗം പുതിയ മദ്യനയം പരിഗണിക്കുമെന്നാണ് സൂചന
ഐ.ടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന നിർദ്ദേശമടങ്ങിയ മദ്യനയത്തിന് സി.പി.എമ്മിന്റെ അംഗീകാരം. മദ്യനയത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് നിർദ്ദേശിച്ച ഭേദഗതികളടക്കം എക്‌സൈസ് പരിശോധിക്കും. അടുത്ത മന്ത്രിസഭായോഗം പുതിയ മദ്യനയം പരിഗണിക്കുമെന്നാണ് സൂചന.
ഐ.ടി മേഖലകളിൽ പബുകൾ സ്ഥാപിക്കണമെന്നാവശ്യത്തോട് സി.പി.എം അനുകൂലമായി പ്രതികരിക്കുന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. പബുകൾ തുടങ്ങുമോ എന്ന കാര്യത്തിൽ പൂർണ്ണ വ്യക്തത ഇല്ലെങ്കിലും ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന സർക്കാർ നിർദേശം പാർട്ടി അംഗീകരിച്ചതായാണ് വിവരം. ഇത് പുതിയ മദ്യനയത്തിന്റെ ഭാഗമാകും.
ജീവനക്കാരുടെ എണ്ണവും വാർഷിക വിറ്റ് വരവും പരിഗണിച്ചായിരിക്കും ലൈസൻസ് നൽകുക. 175 പുതിയ മദ്യശാലകൾ ആരംഭിക്കണമെന്ന ബെവ്‌റിജസ് കോർപറേഷന്റെ നിർദേശം ഭേദഗതികളോടെ പാർട്ടി അംഗീകരിച്ചു. ഹൈക്കോടതി നിർദ്ദേശവും ഇതിന് കാരണമായിട്ടുണ്ട്. സ്ഥല സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രം പുതിയ ഷോപ്പുകൾ ആരംഭിക്കും. ബാർ, ക്ലബ്ബ് ലൈസൻസ് ഫീസ് അടക്കമുള്ള ഫീസുകളിൽ വർധനവ് ഉണ്ടാകും.
കള്ള് ചെത്തി ശേഖരിക്കുന്നതു മുതൽ ഷാപ്പുകളിലെ വിൽപ്പനഘട്ടം വരെ നിരീക്ഷിക്കാൻ 'ട്രാക്ക് ആൻഡ് ട്രെയ്‌സ്' സംവിധാനം നടപ്പിലാക്കും. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വിൽക്കുന്നത് തടയാനാണ് ഈ തീരുമാനം. കള്ളുഷാപ്പുകളുടെ ദുര പരിധി വർധിപ്പിക്കാനും മദ്യനയത്തിൽ നിർദ്ദേശമുണ്ടെന്നാണ് സൂചന.