സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ആക്രമണം
|ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ പൊട്ടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണോ ഈ കല്ലേറെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്റെ വീട് ആക്രമിച്ചതിനു പിന്നിൽ ആർ.എസ്.എസാണെന്ന് ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു. മുകളിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിത്. ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാം ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.
എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരിൽ സംഘർഷമുണ്ടായതിനു ശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്തുപോയി ആക്രമണം നടത്തിയത്. ആശുപത്രിയിൽ നിന്നും പ്രതികൾ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായകമായി.