![മന്ത്രി ആർ ബിന്ദുവിന്റേത് സത്യപ്രതിജ്ഞാ ലംഘനം: സിപിഐ സംസ്ഥാന കൗൺസിൽ മന്ത്രി ആർ ബിന്ദുവിന്റേത് സത്യപ്രതിജ്ഞാ ലംഘനം: സിപിഐ സംസ്ഥാന കൗൺസിൽ](https://www.mediaoneonline.com/h-upload/2021/12/16/1264008-cpi.webp)
മന്ത്രി ആർ ബിന്ദുവിന്റേത് സത്യപ്രതിജ്ഞാ ലംഘനം: സിപിഐ സംസ്ഥാന കൗൺസിൽ
![](/images/authorplaceholder.jpg?type=1&v=2)
മന്ത്രിക്കെതിരെ വിമർശനം ഉയർത്തി വി എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും അരുണ്‍ബാബുവുമാണ് രംഗത്തെത്തിയത്.
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ. മന്ത്രിക്കെതിരെ വിമർശനം ഉയർത്തി വി എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും അരുണ്‍ബാബുവുമാണ് രംഗത്തെത്തിയത്. പുനര്‍നിയമനത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും സര്‍വകലാശാല നിയമനങ്ങളില്‍ സിപിഎം ആധിപത്യമെന്നും വിമര്‍ശനം.
നേരത്തെ മന്ത്രിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഗവർണ്ണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നായിരുന്നു കാനം പറഞ്ഞത്. പരസ്യമായി മന്ത്രിക്കെതിരെ സിപിഐയും രംഗത്തെത്തിയതോടെ സർക്കാരും മുന്നണിയും വെട്ടിലാകുകയാണ്. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവർണർ തന്‍റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞിരുന്നു.
കെ-റെയില്‍ പദ്ധതിക്കെതിരേയും കൗണ്‍സിലില്‍ വിമര്‍ശനം ഉയർന്നു. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നുമായിരുന്നു വിമർശനം. പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേൽവിലാസം തകർക്കരുതെന്നും കൗൺസിലിൽ ആവശ്യമുയർന്നു. നമ്മളായി പദ്ധതിയെ തകർത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും കാനം മറുപടി നല്‍കി.