സഹപ്രവർത്തകയോട് മോശമായി പെരുമാറി; അഭിജിത്തിനെതിരെ നടപടിയുമായി സിപിഎം
|ലഹരി വിരുദ്ധ ക്യാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച അഭിജിത് ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച അഭിജിത്തിനെതിരെ നടപടിയുമായി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്തിനെ ബ്രാഞ്ചിലെ തരംതാഴ്ത്താൻ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്ന് സി പി എം വ്യക്തമാക്കി.
അതേസമയം ഫണ്ട് തിരിമറി വിഷയത്തിൽ നേമം ഏരിയ സെക്രട്ടറി സുരേന്ദ്രനെതിരെയും അന്വേഷണം ഉണ്ടാകും. നേമം ഏരിയ കമ്മറ്റിയംഗങ്ങൾ അടങ്ങിയ കമ്മീഷനാണ് അന്വേഷിക്കുക. കോവിഡ് ബാധിച്ചു മരിച്ച വനിതാ അംഗത്തിന്റെ കുടുംബത്തിന് വീടുവെയ്ക്കാൻ പിരിച്ച ഫണ്ട് വെട്ടിച്ചു എന്നാണ് ആരോപണം.
ലഹരിവിരുദ്ധ ക്യാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച അഭിജിത് ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇവരെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡൻറ് ആഷികിനെയുമാണ് നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി അന്വേഷണ വിധേയമായി പുറത്താക്കിയത്.
ആശിഖാണ് ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ അടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സുഹൃത്തിനൊപ്പം ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.