തെരഞ്ഞെടുപ്പ് തോല്‍വി; കുണ്ടറയിലും കരുനാഗപ്പള്ളിയിലും നടപടിക്കൊരുങ്ങി സി.പി.എം
|എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്.
കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി സി.പി.എം. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് പാര്‍ട്ടി വിശദീകരണം തേടി. നേതാക്കളുടെ വിശദീകരണം ലഭിച്ച ശേഷം നടപടി പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ തുളസീധര കുറുപ്പ്, പി.ആർ വസന്തൻ, എൻ.എസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.
കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ എന്നിവരും വിശദീകരണം നൽകണമെന്ന് എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിജുവിൽ നിന്നും വിശദീകരണം തേടി.
മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവാണ് തുളസീധരക്കുറുപ്പ്. കുണ്ടറയിലെ പ്രചാരണം പാർട്ടിയിൽ നിന്ന് ഹൈജാക്ക് ചെയ്തു എന്നാണ് തുളസീധരക്കുറുപ്പിന് എതിരായ ആരോപണം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ് എം.പി, എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ശിവശങ്കരപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് എസ് രാജേന്ദ്രന്‍ അവതരിപ്പിച്ചു. ജില്ലയിൽ നിന്നുള്ള മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.