തൃക്കാക്കരയിൽ സി.പി.എം പ്രവർത്തകയുടെ വീടിന് തീയിട്ടു; പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ലാ സെക്രട്ടറി
|സമീപവാസിയായ ബന്ധുവാണ് തീയിട്ടത് എന്നാണ് സംശയം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കൊച്ചി: തൃക്കാക്കരയിൽ സി.പി.എം പ്രവർത്തകയുടെ വീട് തീയിട്ടു നശിപ്പിച്ചതായി പരാതി. പന്ത്രണ്ടാം വാർഡിലെ ആശാ വർക്കർ കൂടിയായ മഞ്ജുവിന്റെ വീടാണ് അർധരാത്രിയിൽ തീയിട്ട് നശിപ്പിച്ചത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു.
രാത്രിയിൽ പള്ളി പെരുന്നാളിന് പോയതായിരുന്നു മഞ്ജുവും രണ്ടു മക്കളും. ആ സമയത്താണ് വീട് തീവെച്ച് നശിപ്പിച്ചത്. സമീപവാസിയായ ബന്ധുവാണ് തീയിട്ടത് എന്നാണ് സംശയം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ വീട് ഇടത് സ്ഥാനാർഥി ജോ ജോസഫും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും സന്ദർശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വീട് പാർട്ടി പുനർനിർമിക്കുന്നും സി.എൻ മോഹനൻ പറഞ്ഞു. തീയിട്ടതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തീപിടുത്തത്തിൽ മഞ്ജുവിന്റെ വീട്ടിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. വീട്ടിലെ വളർത്തു മുയലുകളും ചത്തു.