കേരളത്തെ വെട്ടിമുറിക്കണമെന്ന വിഘടനവാദം അപലപനീയം: സി.പി.എം
|കേരളത്തെ വിഭജിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ഭ്രാന്തൻ പ്രസംഗങ്ങളും മുദ്രവാക്യങ്ങളും ഉയർത്തുന്ന നേതാക്കളെ നിയന്ത്രിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആവശ്യപ്പെട്ടു.
മലപ്പുറം: മലബാർ സംസ്ഥാനം വേണമെന്ന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ വിഘടനവാദം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണ്. ഭൂരിപക്ഷ തീവ്ര വർഗീയശക്തികൾക്ക് രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ് ഈ വിഘടനവാദ പ്രസ്താവനയിലൂടെ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിനെ മൂന്നായി വെട്ടിമുറിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. മലയാളികൾ ഒന്നടങ്കം പതിറ്റാണ്ടുകൾ ഒറ്റക്കെട്ടായി പോരാടിയത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന കേരളം. കേരളത്തെ വിഭജിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ഭ്രാന്തൻ പ്രസംഗങ്ങളും മുദ്രവാക്യങ്ങളും ഉയർത്തുന്ന നേതാക്കളെ നിയന്ത്രിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ ഇടയാക്കരുത്. ന്യൂനപക്ഷങ്ങളാകെ വിഘടനവാദികളാണെന്ന് ആക്ഷേപിക്കുന്ന ബി.ജെ.പിയുടെ ആയുധത്തിന് മൂർച്ച കൂട്ടുന്ന പ്രസ്താവനയാണിത്. മലയാളിയുടെ മാതൃഭൂമിയെ വെട്ടിമുറിക്കാൻ ആരെയും അനുവദിക്കില്ല. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. ഇത്തരം ഭ്രാന്തൻ മുദ്രവാക്യം ഉയർത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. സമസ്ത നേതാവിന്റെ ഈ പ്രസ്താവനയോട് മുസ്‌ലിം ലീഗും യു.ഡി.എഫ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മോഹൻദാസ് ആവശ്യപ്പെട്ടു.