Kerala
വിഷസർപ്പങ്ങളെ ലീഗ് മടിയിലിരുത്തില്ല; ഇടതുപക്ഷത്തേക്കെന്ന പ്രചാരണങ്ങൾ തള്ളി പി.എം സാദിഖലി
Kerala

''വിഷസർപ്പങ്ങളെ ലീഗ് മടിയിലിരുത്തില്ല''; ഇടതുപക്ഷത്തേക്കെന്ന പ്രചാരണങ്ങൾ തള്ളി പി.എം സാദിഖലി

Web Desk
|
2 Aug 2022 1:42 PM GMT

''ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എതിർക്കാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത് മുസ്‌ലിം ലീഗ് കൈയുംകെട്ടി നോക്കിയിരിക്കില്ല.''

കോഴിക്കോട്: മുസ്‌ലിം ലീഗിനെ ഇടതുപക്ഷത്തെത്തിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾക്കിടെ അത്തരം പ്രചാരണങ്ങളെ തള്ളി ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. സി.പി.എമ്മും മുസ്‌ലിം ലീഗും ആശയപരമായി രണ്ടു ധ്രുവങ്ങളിലാണെന്നും വിഷസർപ്പങ്ങളെ ലീഗ് താൽക്കാലിക നേട്ടങ്ങൾക്കായി മടിയിലിരുത്തില്ലെന്നും സാദിഖലി വ്യക്തമാക്കി. ജെൻഡർ ന്യൂട്രൽ യൂനിഫോം നീക്കത്തിനെതിരെ എം.കെ മുനീർ നടത്തിയ വിമർശനങ്ങൾക്കെതിരെ സി.പി.എം നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് സാദിഖലിയുടെ വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.എം സാദിഖലി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളിൽ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിട്ടുള്ളത് സി.പി.എമ്മും അതിന്റെ പോഷകസംഘടനകളുമാണെന്നും അത് മറച്ചുവച്ചാണ് ഇപ്പോൾ ജയരാജനും കൊടിയേരിയും മുസ്‌ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ ലീഗ് ചൂണ്ടിക്കാണിച്ചതിന് സി.പി.എം ഇസ്‌ലാമിനെ അധിക്ഷേപിക്കുകയാണെന്നും വിമർശനമുണ്ട്.

മുനീറിന്റെ വിവാദ പ്രസ്താവനയെയും സാദിഖലി പിന്തുണയ്ക്കുന്നു. ഇസ്‌ലാം ആറാം നൂറ്റാണ്ടിന്റെ പ്രാകൃതമതമെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നത്. ഇത് സി.പി.എമ്മിന്റെ ഇസ്‌ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്. സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതാണ് പിണറായി സർക്കാരിന്റെ അടുത്ത പരിഷ്‌കാരം. പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. സ്ത്രീകളുടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചിന്താഗതിയാണ് പുരുഷ മേൽക്കോയ്മയെന്നും കുറിപ്പിൽ തുടരുന്നുണ്ട്.

ലീഗ് യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേർന്നേക്കുമെന്ന പ്രചാരണങ്ങളെയും സാദിഖലി ശക്തമായി തള്ളിയിട്ടുണ്ട്. സംഘ്പരിവാർ ഭീഷണികളെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണ് ലീഗ് നിലനിൽക്കുന്നതെന്നും എല്ലാ അഹന്തയും മാറ്റിവച്ച് സി.പി.എമ്മിന് വേണമെങ്കിൽ അതിന്റെ കൂടെ നിൽക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

പി.എം സാദിഖലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിഷസർപ്പങ്ങളെ മുസ്‌ലിം ലീഗ് മടിയിലിരുത്തില്ല...

സി.പി.എമ്മും മുസ്‌ലിം ലീഗും ആശയപരമായി എന്നും രണ്ടു ധ്രുവങ്ങളിലാണ്. ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളിൽ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിട്ടുള്ളത് കേരളത്തിൽ സി.പി.എമ്മും അതിന്റെ പോഷകസംഘടനകളുമാണ്. അത് മറച്ചുവച്ചാണ് ഇപ്പോൾ ജയരാജനും കൊടിയേരിയും മുസ്‌ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത്. കൊടിയ വിഷമുള്ള സർപ്പങ്ങളെ താൽക്കാലിക നേട്ടങ്ങൾക്കായി മുസ്‌ലിം ലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുത്.

ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ മുസ്‌ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി.പി.എം എന്തിനാണ് ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത്. ഇസ്‌ലാം ആറാം നൂറ്റാണ്ടിന്റെ പ്രാകൃതമതമെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നത്. ഇത് സി.പി.എമ്മിന്റെ ഇസ്‌ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്. സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സർക്കാരിന്റെ അടുത്ത പരിഷ്‌കാരം. ഒരേ വസ്ത്രമെന്നത് എങ്ങനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത്.

പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്? അങ്ങനെ പറയുന്നവർ വാസ്തവത്തിൽ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത്? സ്ത്രീകളുടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചിന്താഗതിയെ അല്ലേ പുരുഷ മേൽക്കോയ്മ എന്ന് പറയുന്നത്.

വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല.... സി പി എമ്മും മുസ്ലിം ലീഗും ആശയപരമായി എന്നും രണ്ടു...

Posted by P M Sadiq Ali on Tuesday, August 2, 2022

ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എതിർക്കാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. യുക്തിസഹമല്ലാത്ത എല്ലാ പരിഷ്‌കാരങ്ങളെയും മുസ്‌ലിം ലീഗ് ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അതിന്റെ പേരിൽ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത് മുസ്‌ലിം ലീഗ് കൈയുംകെട്ടി നോക്കിയിരിക്കില്ല.

സംഘ്പരിവാർ ഭീഷണികളെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണ് മുസ്‌ലിം ലീഗ് നിലനിൽക്കുന്നത്. എല്ലാ അഹന്തയും മാറ്റിവച്ച് സി.പി.എമ്മിന് വേണമെങ്കിൽ അതിന്റെ കൂടെ നിൽക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാൻ പോകുന്നില്ല..

Summary: ''CPM and Muslim League are ideologically on two poles and the party will not tolerate poisonous snakes for temporary gains'', states IUML state secretary PM Sadiqali

Similar Posts