എളമരം കരീം കുറ്റപ്പെടുത്തിയ 'വിദ്യാഭ്യാസ റിക്രൂട്ടിങ് കേന്ദ്ര'ത്തിൽ സി.പി.എം സമ്മേളനം
|ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എളമരം കരീം സിജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്
ഡല്‍ഹി ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ 'റിക്രൂട്ടിങ് കേന്ദ്രം' എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം കുറ്റപ്പെടുത്തിയ ചേവായൂരിലെ 'സിജി'യില്‍ സി.പി.എം സമ്മേളനം. സി.പി.എം ടൗണ്‍ ഏരിയ സമ്മേളനമാണ് സിജിയുടെ മുഖ്യ ഹാളില്‍ സംഘടിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എളമരം കരീം സിജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ജമാഅത്തെ ഇസ്‍ലാമി മത തീവ്രവാദം വളര്‍ത്താന്‍ പ്രത്യേക കേഡര്‍മാരെ തെരഞ്ഞെടുക്കാന്‍ വേണ്ടി നടത്തുന്ന സ്ഥാപനമാണെന്നായിരുന്നു സിജിയെ എളമരം കരീം വിശേഷിപ്പിച്ചിരുന്നത്. നാദാപുരം മേഖലയിൽ നിന്നുൾപ്പെടെ വിദ്യാർഥികളെ ഡൽഹിയിലെ സർവകലാശാലകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സുന്നി വിഭാഗത്തിൽപെട്ട കുട്ടികൾ പോലും ഇതിൽപെടുന്നു എന്നെല്ലാമായിരുന്നു വിമർശനം. ജമാഅത്തെ ഇസ്ലാമിയുടെ പ്രച്ഛന്നവേഷം കെട്ടിയ കരിയര്‍ റിക്രൂട്ട്മെന്‍റ് സ്ഥാപനമാണ് 'സിജി' എന്നും കരീം ആരോപിച്ചു.
സി.പി.എം സമ്മേളനത്തിന്‍റെ ഭാഗമായി സിജി കരിയര്‍ സെന്‍ററിന് മുന്നില്‍ പാര്‍ട്ടി പതാകകളും, രക്തസാക്ഷി മണ്ഡപവും ഒരുക്കി. രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെ നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.