ദത്ത് വിവാദം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം ഏരിയ സമ്മേളനം
|മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് ടേം നിബന്ധന ബാധകമാക്കാത്തതിലും ആക്ഷേപമുണ്ടായി
കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം. ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തിലും പാർട്ടി നടപടി വൈകുന്നതിലും വിമർശനമുണ്ടായി. അമ്മയക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു.
അനുപമ അജിത്ത് ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ സിപിഎം നേതാവാണ്. സംഭവത്തിൽ സിപിഎം നേതാവായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെയും അനുപമ ആക്ഷേപം ഉയർത്തിയിട്ടുണ്ട്. ഇവർക്കെല്ലാം സംഭവത്തിൽ പങ്കുണ്ടെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് ടേം നിബന്ധന ബാധകമാക്കാത്തതിലും ആക്ഷേപമുണ്ടായി. തിരുവനന്തപുരം നഗരസഭയ്ക്കെതിരേ യോഗത്തിൽ വിമർശനമുയർന്നു. നഗരസഭയിലെ അഴിമതി ആരോപണങ്ങളിൽ വ്യക്തമായ മറുപടി വേണമെന്നും സംശയങ്ങൾ അകറ്റണമെന്നും നഗരഭരണം പ്രവർത്തകരുടെ വിയർപ്പിന്റെ ഫലമാണെന്നും പ്രതിനിധികൾ പറഞ്ഞു.