ഹരിഹരന്റെ നാക്കുപിഴ സിപിഎം ആയുധമാക്കുന്നു; എൻ വേണു
|സിപിഎം നടത്തുന്നത് ആസൂത്രിത ആക്രമണമാണെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന് പ്രസംഗത്തിനിടെ പറ്റിയ നാക്കുപിഴ സിപിഎം ആയുധമാക്കുകയാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. ആസൂത്രിതമായി ആക്രമണമാണ് ഹരിഹരന്റെ വീടിനുനേരെ നടന്നത്. വടകരയിൽ അകപ്പെട്ട ഗുരുതര പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് സിപിഎം ശ്രമിക്കുന്നതെന്നും എൻ.വേണു മീഡിയവണിനോട് പറഞ്ഞു. എസ് ഹരിഹരൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചതാണെന്നും മറ്റാരും കാണിക്കാത്ത രാഷ്ട്രീയ മര്യാദ ആർഎംപി കാണിച്ചെന്നും വേണു പറഞ്ഞു.
മുക്കം ഉമർ ഫൈസിക്ക് നിസ്കരിക്കാൻ മുട്ടി എന്നതിൽ ഉപയോഗിച്ച പദ പ്രയോഗം പ്രശ്നമാണെന്നാണ് സിപിഎം പറയുന്നത്. എന്നാൽ പരിപാടിയിൽ നടന്ന കാര്യത്തെ സിപിഎം എതിർക്കുന്നില്ലെന്നും ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ വേണ്ടിയാണ് അത് നടത്തിയതെന്നും വേണു ആരോപിച്ചു.
തന്റെ വീടിന് നേരെയുണ്ടായ ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് കെ എസ് ഹരിഹരനും ആരോപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതാണെന്നും പുതിയ കാല രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ ജഗ്രതക്കുറവുണ്ടായെന്നും ഹരിഹരൻ പറഞ്ഞു. വടകരയിലെ വർഗീയ പ്രചാരണം ചീറ്റിപ്പോയപ്പോൾ വീണു കിട്ടിയത് സിപിഎം ആയുധമാക്കുകയാണെന്നും ഹരിഹരൻ പറഞ്ഞു.
തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ കെ.എസ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പറഞ്ഞു.