Kerala
യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാത്തതിന് സിപിഎം വിശദീകരണം തേടി; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോളിന്‍റെ ആത്മകഥ
Kerala

''യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാത്തതിന് സിപിഎം വിശദീകരണം തേടി''; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോളിന്‍റെ ആത്മകഥ

Web Desk
|
9 Nov 2021 12:15 PM GMT

ആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ കോൺഗ്രസ് കോടികൾ വാഗ്ദാനം ചെയ്തുവെന്നും മുൻ എംപി സെബാസ്റ്റ്യൻ പോളിന്‍റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു

യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്യാത്തതിന് സിപിഎം വിശദീകരണം ചോദിച്ചിരുന്നുവെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. ആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ കോൺഗ്രസ് കോടികൾ വാഗ്ദാനം ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ട്. 'എന്റെ കാലം എന്റെ ലോകം' എന്ന തലക്കെട്ടിലുള്ള ആത്മകഥയിലാണ് ആണവ കരാർ, യുഎപിഎ, തെരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള വിഷയങ്ങളിൽ സെബാസ്റ്റ്യന്‍ പോൾ വെ്‌ളിപ്പെടുത്തലുകൾ നടത്തുന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തര മന്ത്രി പി ചിദംബരം അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് സിപിഎം വിപ്പ് നൽകി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂർത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും സഭയിലേക്കു പ്രവേശിക്കാതെ സെൻട്രൽ ഹാളിൽ തന്നെയിരുന്നു-പുസ്തകത്തിൽ പറയുന്നു.


മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള വിട്ടുനിൽക്കൽ ഞാൻ വാർത്തയാക്കിയില്ല. പക്ഷെ, പാർട്ടി അതു ശ്രദ്ധിച്ചു. ബസുദേവ് ആചാര്യയിൽനിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബർ 17ന് സഭയിൽ നടന്ന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം. സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിർദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15ന് ബസുദേവ് ആചാര്യ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു-പുസ്തകത്തിൽ തുടരുന്നു.

അന്ന് വിശദീകരണം ചോദിക്കേണ്ട തരത്തിൽ യുഎപിഎ ബില്ലിനോട് കൂറുകാണിക്കേണ്ട കാര്യം സിപിഎമ്മിനുണ്ടായിരുന്നില്ലെന്ന് സെബാസ്റ്റ്യൻ പോൾ മീഡിയവണ്ണിനോട് പറഞ്ഞു. അതൊരു പ്രതിസന്ധിയാണ്. ഇപ്പോഴുമുണ്ടത്. കേരളത്തിൽ തന്നെ ആ നിയമം നിലനിർത്തിയത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാണെന്ന് എന്ന അഭിപ്രായക്കാരനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആണവ കരാർ വിഷത്തിലുള്ള യുപിഎ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാൻ പ്രണബ് മുഖർജിയുടെ നിർദേശപ്രകാരം എത്തിയ സംഘം കോടികൾ വാഗ്ദാനം ചെയ്തുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. കോടികൾ എന്നായിരുന്നു അവർ ഉപയോഗിച്ച വാക്ക്. അക്കാര്യം ശരിയായിരുന്നുവെന്ന് പിറ്റേ ദിവസം വയലാർ രവിയെ കണ്ടപ്പോൾ മനസിലായി. സെബാസ്റ്റിയൻ പോളിന്റെ സ്വതന്ത്ര പദവി എന്താണെന്ന് അറിയാതെയാണ് അവർ വന്നത്. ഇനി അവർ വരില്ലെന്നും അദ്ദേഹം പറഞ്ഞതായും പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

വിഎസ് പക്ഷക്കാരനായി തെറ്റിദ്ധരിച്ച് 1998ലെ തെരഞ്ഞെടുപ്പിൽ സിഐടിയെ നേതാക്കൾ തോൽപ്പിക്കുകയായിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു. സെബാസ്റ്റ്യൻ പോൾ പത്രങ്ങളിൽ എഴുതിത്തുടങ്ങിയതിന്റെ 60-ാം വാർഷികദിനമായ വ്യാഴാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Similar Posts