ഫലസ്തീൻ ഐക്യദാർഢ്യത്തിന് ലീഗിനെ ക്ഷണിച്ചതിൽ വിജയം കണ്ടെന്ന് സി.പി.എം വിലയിരുത്തൽ
|ലീഗ് നിലപാട് ഫലസതീൻ വിഷയത്തിൽ യു.ഡി.എഫിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കിയെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വിലയിരുത്തി
തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യത്തിന് ലീഗിനെ ക്ഷണിച്ചതിൽ വിജയം കണ്ടെന്ന് സി.പി.എം വിലയിരുത്തൽ. യു.ഡി.എഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു. സെമിനാറിലേക്ക് ലീഗ് വരുമെന്ന അമിത പ്രതീക്ഷ വേണ്ടെന്നും സി.പി.എം സെക്രട്ടറിയേറ്റ് വിലയിരുത്തി.
സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ വിളിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് പറഞ്ഞതോടു കൂടി തന്നെ അവർക്കിടയിലുണ്ടായ ഭിന്നത വ്യക്തമായിട്ടുണ്ട്. ഈ ഭിന്നത ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം രാഷ്ട്രീയമായി ഗുണം ചെയ്യുന്നുവെന്നാണ് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുത്തൽ. കോൺഗ്രസ് ഈ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ് ലീഗിന് ഇങ്ങനെ പരസ്യമായി പറയേണ്ടി വന്നതെന്ന രാഷ്ട്രീയ വിലയിരുത്തലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്.
അതുകൊണ്ട് തന്നെ യു.ഡി.എഫിൽ ഫലസതീൻ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഭിന്നതയുണ്ടെന്ന കാര്യം കൂടി പൊതുജനങ്ങൾക്ക് മുന്നിൽ തങ്ങൾ പറയാതെ തന്നെ ബോധ്യപ്പെടുത്താൻ ലീഗിന്റെ നിലാപാട് കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.