'ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് CPM ഉറപ്പ് നൽകി': കാരാട്ട് റസാഖ്
|'സഹയാത്രികനായി തുടരണോ എന്ന് ചർച്ചക്ക് ശേഷം ആലോചിക്കും'
കോഴിക്കോട്: പല പാർട്ടികളിൽ നിന്നും ക്ഷണം ലഭിച്ചതായി മുൻ എംഎൽഎ കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് CPM ഉറപ്പ് നൽകി. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
'നിലവിൽ നിലപാടിൽ മാറ്റമില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎമ്മിൻ്റെ ജില്ലാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പായതിനാൽ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കാൻ ആഗ്രഹിക്കുന്നില്ല. സഹയാത്രികനായി തുടരണോ എന്ന് ചർച്ചക്ക് ശേഷം ആലോചിക്കും.'-റസാഖ് പറഞ്ഞു.
മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നു റസാഖിൻ്റെ ആരോപണം. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്. റിയാസ് പല കാര്യങ്ങളിലും ബോധപൂർവം ഇപെടുന്നുണ്ടെന്നും റസാഖ് കുറ്റപ്പെടുത്തി. സിപിഎം പ്രദേശിക നേതാക്കൾ തനിക്ക് എതിരെ നിൽക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു റസാഖ് പറഞ്ഞത്.