സിഎഎ; സി.പി.എമ്മിന്റെ ബഹുജന റാലി ഇന്ന് കോഴിക്കോട്ട്
|ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി. എമ്മിന്റെ രണ്ടാം പൗരത്വ പ്രക്ഷോഭം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസര്‍കോട്, മലപ്പുറം , കൊല്ലം എന്നീ ജില്ലകളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബഹുജന റാലികൾ സി.പി.എം സംഘടിപ്പിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി. എമ്മിന്റെ രണ്ടാം പൗരത്വ പ്രക്ഷോഭം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ല്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുന്നതില്‍ വലിയ ഘടകമായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മലപ്പുറം പെരിന്തൽമണ്ണയിൽ കൂറ്റൻ പ്രതിഷേധം നടന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ നെറ്റ് മാർച്ച് നടത്തി. മന്ത്രി എം.ബി രാജേഷ് , ഡി വൈ . എഫ് ഐ സംസ്ഥാന പ്രസിഡൻ്റും മലപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ വി .വസീഫിൻ്റെയും നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന പേരിലാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിഎ എക്ക് എതിരെ സാഹോദര്യ രാഷ്ട്രീയ സംഗമം നടത്തി . ജില്ലയിലെ വ്യത്യസത രാഷ്ട്രീയ , സാമൂഹിക സംഘടനകളിലെ വിദ്യാർഥി , യുവജന നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്തു.ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഇഫ്ത്താറോട് കൂടിയാണ് സംഗമം അവസാനിച്ചത്.