Kerala
ക്വട്ടേഷന്‍-മാഫിയ സംഘങ്ങള്‍ക്കെതിരെ സി.പി.എം ക്യാമ്പയിന്‍
Kerala

ക്വട്ടേഷന്‍-മാഫിയ സംഘങ്ങള്‍ക്കെതിരെ സി.പി.എം ക്യാമ്പയിന്‍

ijas
|
25 Jun 2021 7:17 AM GMT

മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ക്യാമ്പയിന്‍. ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളില്‍ ആണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുകയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. സ്വര്‍ണ്ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും ശക്തമായ പൊലീസ് നടപടികളുടെ ഫലമായി സമീപകാലത്തായി പുറംലോകം അറിഞ്ഞു തുടങ്ങി. പൊലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോവുകയാണ് ഉണ്ടായത്. വിദേശത്ത് നിന്ന് കള്ളസ്വര്‍ണ്ണവും മറ്റുമായി ചില വാഹകരെത്തുന്നു. അവര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മുന്‍കൂട്ടി വിവരം നല്‍കി എത്തിയ ടീമിനെ ഏല്‍പ്പിക്കുന്നു. വിദേശത്ത് നിന്നും ആസൂത്രണം ചെയ്തെത്തിയ മറ്റൊരു ക്വട്ടേഷന്‍ ടീം വഴിമധ്യേ തട്ടിക്കൊണ്ടുപോകുന്നു. കള്ളസ്വര്‍ണ്ണവാഹകര്‍ക്ക് ജില്ലയില്‍ ഏജന്‍റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷന്‍കാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകള്‍ പണിയുന്നു. ഇത്തരക്കാര്‍ സാമൂഹ്യദ്രോഹികളാണെന്ന് സി.പി.എം പ്രസ്താവനയില്‍ പറയുന്നു.

കൊടകര കുഴല്‍പ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ബിജെപിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്ന് തെളിഞ്ഞു. ജനവിധിയെ അട്ടിമറിക്കാനാണ് കള്ളപ്പണം കൊണ്ടുവന്നത്. ബിജെപിയുടെ ലക്ഷ്യം വിജയിച്ചില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. ചില ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് ജില്ലക്കകത്തും പുറത്തുമുള്ള മാഫിയ സംഘങ്ങള്‍ കള്ളസ്വര്‍ണ്ണവും കള്ളപ്പണവും തട്ടിക്കൊണ്ടുപോകുന്നത്. കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള സാമൂഹ്യതിډകള്‍ക്കും ഇക്കൂട്ടര്‍ നേതൃത്വം കൊടുക്കുന്നു. യുവാക്കളെയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ കഴിയുമെന്നത് കള്ള സ്വര്‍ണവും കള്ളപ്പണവുമായതിനാല്‍ നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം പലപ്പോഴും കേസുണ്ടാകാത്തതുമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. ആഡംബര ജീവിതം നയിക്കുകയും വരവിനെക്കാള്‍ കൂടുതല്‍ സ്വത്തുണ്ടാക്കുകയും ചെയ്യുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ പിന്തിരിപ്പിക്കേണ്ടതാണ്. അതും ചിലപ്പോള്‍ ഉണ്ടാവുന്നില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സിപിഐ(എം)ല്‍ യാതൊരു സ്ഥാനവുമുണ്ടാവില്ലെന്നും സിപിഐ(എം)ന്‍റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ലെന്നും ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

Related Tags :
Similar Posts