Kerala
CPM CC asks kerala to overcome the existing anti incumbency
Kerala

'ഭരണവിരുദ്ധവികാരം മറികടക്കണം'; കേരള നേതൃത്വത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശം

Web Desk
|
30 Jun 2024 8:23 AM GMT

കേരളത്തിലുണ്ടായ തോൽവി ദേശീയതലത്തിൽ വലിയ ആഘാതം സൃഷ്ടിച്ചെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ കേരള നേതൃത്വത്തെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല. ഭരണവിരുദ്ധവികാരം മറികടക്കാനുള്ള പ്രചാരണങ്ങൾക്ക് സംസ്ഥാന നേതൃത്വം രൂപം നൽകണമെന്ന് നേതൃത്വം നിർദേശം നൽകി.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി ദേശീയതലത്തിൽ വലിയ ആഘാതം സൃഷ്ടിച്ചെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണം ഭരണവിരുദ്ധ വികാരം തന്നെ എന്ന നിലപാടിലാണ് പാർട്ടി . ഈ ഭരണ വിരുദ്ധവികാരം അതിജീവിക്കാൻ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഇതിനായി പ്രചാരണം ശക്തമാക്കാനും കേന്ദ്ര കമ്മിറ്റി നിർദേശം നൽകി.

നിർദേശപ്രകാരം താഴെത്തട്ടിൽ വരെ നീളുന്ന പ്രചാരണ പരിപാടികൾ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്യണം. പാർട്ടി വോട്ടുകൾ അടക്കം ചോർന്നത് ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ ഇടയില്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.

കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല.രാജസ്ഥാനിൽ വിജയിക്കാൻ കഴിഞ്ഞത് ഇൻഡ്യാ മുന്നണിയുടെ സഹായത്തോടെ ആന്നെന്നു ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ വ്യക്തമാക്കി. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സമ്മേളനം ഒക്റ്റോബറിൽ തുടക്കമിടാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Related Tags :
Similar Posts