കത്ത് വിവാദം അന്വേഷിക്കാൻ സി.പി.എം അന്വേഷണ കമ്മീഷൻ
|മേയര്‍ ഇല്ലാത്ത ദിവസമാണ് കത്ത് പുറത്തുവന്നത്, അതെങ്ങനെ വന്നു, ഇതിന്റെ ഉറവിടമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.
തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കാൻ സി.പി.എം അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സി. ജയൻ ബാബു, ഡി.കെ മുരളി, ആർ. രാമു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
കത്ത് വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ, പാര്‍ട്ടി ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സി.പി.എം തീരുമാനിക്കുകയായിരുന്നു. കാരണം പൊലീസ് അന്വേഷണത്തിനൊപ്പം പാര്‍ട്ടി അന്വേഷണം കൂടി വരികയാണെങ്കില്‍ അത് പാര്‍ട്ടിയുടെ കണ്ടെത്തലിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അത്.
എന്നാലിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ കത്ത് വിവാദം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. മേയര്‍ ഇല്ലാത്ത ദിവസമാണ് കത്ത് പുറത്തുവന്നത്, അതെങ്ങനെ വന്നു, ഇതിന്റെ ഉറവിടമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.