ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് സിപിഎമ്മിന്റെ പരിഗണനയിൽ: ഓർഡിനൻസ് കൊണ്ടുവന്നേക്കും
|ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കാനും ആലോചനയുണ്ട്
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നത് പരിഗണിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായ കാര്യത്തിന്റെ അന്തിമ തീരുമാനം നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതിയിൽ സ്വീകരിക്കും.
പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവന്നേക്കുമെന്നാണ് വിവരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കാനും ആലോചനയുണ്ട്. ഇതിന് നിയമനിർമ്മാണം വേണമെന്നാണ് സെക്രട്ടറിയേറ്റിൽ പൊതുവേ ഉയർന്ന അഭിപ്രായം.
ചാൻസലർ പദവി ഉപയോഗിച്ച് കൊണ്ടാണ് ഗവർണർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും ഇതിന് തടയിടാൻ ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതിയിൽ ഉയർന്നത്.
അതേസമയം സാംസ്‌കാരിക രംഗത്തെ സംഘ പരിവാർ അധിനിവേശം തടയുക ലക്ഷ്യം വെച്ച് സാംസ്‌കാരിക രേഖ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ന്യൂനപക്ഷ തീവ്ര ആശയങ്ങൾക്ക് ഇടം ലഭിക്കുന്നത് തടയുന്നതിന് വേണ്ട ഇടപെടൽ നിർദേശിക്കുന്നതാണ് രേഖ. ട്രേഡ് യൂണിയൻ രേഖ പരിഗണിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റ് മാറ്റി വച്ചു. കേന്ദ്രകമ്മറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ട്രേഡ് യൂണിയൻ രേഖ പാർട്ടി നേതൃത്വം അംഗീകരിക്കുകയുള്ളൂ.