Kerala
cpm continue fight and campaign against governor
Kerala

'ഗവർണർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നു'; പ്രചാരണം ശക്തമാക്കാൻ സിപിഎം

Web Desk
|
14 Oct 2024 1:00 AM GMT

ഭരണപരമായ കാര്യങ്ങളിൽ ഔദ്യോഗികതലത്തിൽ സർക്കാരും രാഷ്ട്രീയതലത്തിൽ സിപിഎമ്മും മറുപടി നൽകും.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാൻ സിപിഎം. മുഖ്യമന്ത്രി തുടർച്ചയായി കാര്യങ്ങൾ വിശദീകരിച്ചിട്ടും ഗവർണർ വീണ്ടും തുടർച്ചയായി കത്തയക്കുന്നതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന പ്രചരണം കടുപ്പിക്കാൻ ആണ് സിപിഎമ്മിന്റെ തീരുമാനം. മുഖ്യമന്ത്രി പറഞ്ഞതായി ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖം ആയുധമാക്കി ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയാൽ അതിനെ എങ്ങനെ നേരിടണമെന്ന ആലോചനയും സിപിഎമ്മിൽ ആരംഭിച്ചിട്ടുണ്ട്.

സർക്കാരിനെയും മുഖ്യമന്ത്രിയേയും തുടർച്ചയായി പ്രതിസന്ധിയിലും പ്രതിരോധത്തിലും ആക്കിയാൽ മാത്രമേ ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന് തുടരാൻ കഴിയൂ എന്ന രാഷ്ട്രീയ വിലയിരുത്തലാണ് സിപിഎമ്മിന് ഉള്ളത്. അതുകൊണ്ടുതന്നെ ഗവർണറുടെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എന്ത് ചോദ്യങ്ങൾ ഗവർണർ ഉന്നയിച്ചാലും അതിന് രേഖാമൂലമോ അല്ലാതെയോ മറുപടി നൽകും.

ഇതുവരെ ഗവർണർ അയച്ച കത്തുകൾക്കെല്ലാം മറുപടി നൽകിയിട്ടും വീണ്ടും സംശയങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആരിഫ് മുഹമ്മദ് ഖാന് ഉണ്ടെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മുഖ്യമന്ത്രി തന്നോട് കാര്യങ്ങൾ വിശദീകരിക്കുന്നില്ല, ഉദ്യോഗസ്ഥരെ വിടാതെ തടഞ്ഞുനിർത്തുന്നു- തുടങ്ങിയ ഭരണപരമായ കാര്യങ്ങളിൽ ഔദ്യോഗികതലത്തിൽ സർക്കാരും രാഷ്ട്രീയതലത്തിൽ സിപിഎമ്മും മറുപടി നൽകും. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ സംശയം പ്രകടിപ്പിച്ചാൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥർ എത്തി വിശദീകരിക്കുന്ന പതിവ് നിലവിലുണ്ടെന്നാണ് സർക്കാർ പറയുന്നത്.

ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച് ഗവർണറിൽ നിന്ന് ഒന്നും മറച്ചുവച്ചിട്ടില്ല. ഗവർണറോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതായി വന്ന അഭിമുഖത്തിലെ വാചകങ്ങൾ ആയുധമാക്കി ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയാൽ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.

താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ വന്നതെന്ന് മുഖ്യമന്ത്രി ഗവർണറോട് തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ വന്നുവെങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ഗവർണറുടെ ചോദ്യത്തിന് എന്ത് മറുപടി സർക്കാരും പാർട്ടിയും നൽകും എന്ന് വരുംദിവസങ്ങളിൽ നോക്കിക്കാണേണ്ടി വരും.

Related Tags :
Similar Posts