Kerala
തെറ്റ് ചെയ്തിട്ടില്ല, കുറ്റം തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കും; പാൻ മസാലകേസിൽ സി.പി.എം കൗൺസിലർ ഷാനവാസ്
Kerala

'തെറ്റ് ചെയ്തിട്ടില്ല, കുറ്റം തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കും'; പാൻ മസാലകേസിൽ സി.പി.എം കൗൺസിലർ ഷാനവാസ്

Web Desk
|
11 Jan 2023 7:00 AM GMT

ഷാനവാസിനെതിരെ മൂന്ന് സി.പി.എം പ്രവർത്തകർ ഇ.ഡിക്ക് പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം.

ആലപ്പുഴ: വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല എന്നതൊഴിച്ചാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പാൻ മസാലകേസിൽ ആരോപണ വിധേയനായ സി.പി.എം കൗൺസിലർ ഷാനവാസ്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഖേദമുണ്ട്. സസ്‌പെൻഡ് ചെയ്ത് 90 ദിവസത്തിനുള്ള പാർട്ടി അന്വേഷണം പൂർത്തിയാകും. തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കൗൺസിലർ സ്ഥാനം രാജിവെക്കും. തനിക്കെതിരെ പരാതി നൽകിയത് ചിലരുടെ വ്യക്തി താൽപര്യമാണ്. അതിനെ വിഭാഗീയതായി കാണാനാവില്ല. പാർട്ടിയെ എവിടെയും മോശമാക്കി പറയില്ലെന്നും ഷാനവാസ് പറഞ്ഞു.

കരാർ രേഖയിൽ കൃത്രിമം കാണിച്ചിട്ടില്ല, അത് താൻ തന്നെയാണ് പുറത്തുവിട്ടത്. തന്റെ കമ്പനിയിൽ ഡ്രൈവറായി വന്നയാളാണ് സജാദ്. സജാദ് പറഞ്ഞിട്ടാണ് വാഹനം വാടകക്ക് നൽകിയത്. സജാദിനെ പൊലീസിന് പറഞ്ഞുകൊടുത്തത് താനാണ്. അൻസാറുമായി തനിക്ക് വ്യക്തിബന്ധമില്ല. തന്റെ വാഹനം കൊണ്ടുപോയി ദുരപയോഗം ചെയ്തതിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ഷാനവാസ് പറഞ്ഞു.

അതിനിടെ ഷാനവാസിനെതിരെ മൂന്ന് സി.പി.എം പ്രവർത്തകർ ഇ.ഡിക്ക് പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇന്ന് പൊലീസ് ഷാനവാസിനെ ചോദ്യം ചെയ്തിരുന്നു. വാഹനം വാടകക്ക് നൽകിയെന്ന മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കരാർ രേഖയുടെ ആധികാരികത സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.

Similar Posts