കെ റെയിലിനെതിരെ പ്രചാരണവുമായെത്തി; വി. മുരളീധരനെതിരെ സിപിഎം കൗൺസിലറുടെ വീട്ടുകാരുടെ പ്രതിഷേധം
|തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് 'പ്രതിരോധ യാത്ര'യുമായെത്തിയപ്പോഴാണ് സിപിഎം കൗൺസിലർ എൽ.എസ്. കവിതയുടെ വീട്ടുകാർ പ്രതിഷേധമുയർത്തിയത്
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന മേഖലകളിലെത്തിയ കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ സിപിഎം കൗൺസിലറുടെ വീട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് 'പ്രതിരോധ യാത്ര'യുമായെത്തിയപ്പോഴാണ് സിപിഎം കൗൺസിലർ എൽ.എസ്. കവിതയുടെ വീട്ടുകാർ പ്രതിഷേധമുയർത്തിയത്. കഴക്കൂട്ടം കൗൺസിലർ എൽ.എസ്. കവിതയുടെ വീട്ടുകാർ തങ്ങൾ ഭൂമി വിട്ടു കൊടുക്കുമെന്ന് അറിയിക്കുകയും പിണറായി വിജയൻ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
എന്നാൽ സിപിഎം കൗൺസിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട്പ്രതികരിച്ചു. കൗൺസിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണമെന്നും ബഫർ സോണിലുള്ളവർ എന്ത് ചെയ്യണമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശീതീകരിച്ച മുറിയിലിരിക്കുന്നവർ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈൻമെന്റിന്റെ പേരിൽ മാറ്റിയാൽ ഇപ്പോൾ വായ്പ നിഷേധിക്കുന്നവർ എന്ത് ചെയ്യുമന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് കെ റെയിൽ വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ നടത്തുന്നതെന്നും കെ റെയിൽ പാർട്ടി കോൺഗ്രസിൽ സിപിഎം ചർച്ച ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വില വർധനവിൽ പ്രതികരിച്ച മന്ത്രി കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിട്ടുo സംസ്ഥാനം കുറച്ചില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നുവെന്നും സംസ്ഥാനം നികുതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചു രൂപ കുറച്ചിട്ട് ഇന്ധന വില ആറു രൂപ കൂട്ടിയെന്ന ചോദ്യത്തിന് അഞ്ചു രൂപ കുറച്ചല്ലോയെന്ന് അദ്ദേഹം പരിഹാസിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമനസേന പരിശീലനം നൽകിയ സംഭവത്തിലും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. എല്ലാ പ്രാവശ്യവും വീഴ്ചപറ്റി എന്ന് സർക്കാർ ആവർത്തിക്കുന്നതിന് പകരം ആർക്കൊക്കെ എതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
CPM councilor's family protest against Union Minister of State V. Muraleedharan