സിപിഎം- സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്
|വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടാത്തതിലെ തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇടതുമുന്നണി യോഗവും ഇന്ന് ചേരും
തിരുവനന്തപുരം: മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഎം മത്സരിച്ച മണ്ഡലങ്ങളിലെ ജില്ലാ കമ്മിറ്റികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. ചേലക്കര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നാണ് സിപിഎം പറയുന്നത്. പാലക്കാട് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്. പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയാലും അത് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ഒരു വിഷയത്തിൽ രണ്ട് തവണ രാജി വേണ്ട എന്ന നിലപാടിലാണ് പാർട്ടി നേതൃത്വമുള്ളത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ വിജയപ്രതീക്ഷ പങ്കുവെക്കുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടാത്തതിലെ തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇടതുമുന്നണി യോഗവും ഇന്ന് ഉച്ചയ്ക്ക് ചേരും.