'തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തു'; ആരോപണവുമായി കെ. മുരളീധരൻ
|''തൃശൂർ നഗരത്തിൽ കോൺഗ്രസിൽ അൽപം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകൾ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്.''
തൃശൂർ: മണ്ഡലത്തിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശൂർ നഗരത്തിൽ വോട്ട് ചോർന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാൽ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരൻ 'മീഡിയവണി'നോട് പറഞ്ഞു.
ബി.ജെ.പി തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു.
''ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബി.എൽ.ഒമാർ നൽകിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.''
തൃശൂർ നഗരത്തിൽ കോൺഗ്രസിൽ അൽപം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകൾ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവർത്തകർക്ക് അതിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായി ഉണർന്നുപ്രവർത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കിൽ കർശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാൻ കാരണമായി. ബി.ജെ.പി-സി.പി.എം ഡീൽ നടന്നിട്ടുണ്ട്. ഇ.പി ജയരാജൻ-ബി.ജെ.പി ചർച്ച അതിന്റെ ഭാഗമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Summary: 'CPM cross voted for BJP in Thrissur': Alleges K. Muraleedharan