Kerala
Mukesh
Kerala

ലൈംഗികാരോപണം; മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം

Web Desk
|
27 Aug 2024 1:09 AM GMT

പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം

തിരുവനന്തപുരം: ആരോപണങ്ങൾ ഓരോന്നായി പുറത്തു വരുന്നെങ്കിലും മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം.

കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്. അന്ന് ഉന്നയിച്ച ആരോപണത്തിൽ അവർ ഇപ്പോഴും ഉറച്ചു നിൽക്കുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് മിനു എന്ന നടി മുകേഷിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്. ഇതോടെ മുകേഷിന്‍റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു.

എന്നാൽ രാജി ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രമില്ല.പ്രതിപക്ഷത്തുള്ള എം. വിന്‍സെന്‍റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജി വെച്ചിട്ടില്ല. ജോസ് തെറ്റയിൽ യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോൾ സമാനമായ രീതിയിലുള്ള ആരോപണം ഉയർന്നിരുന്നു. അന്ന് ജോസ് തെറ്റയിലും എം.എൽ.എ സ്ഥാനം രാജി വെച്ചിട്ടില്ല.

അതേസമയം തന്നെ ഇടതുമുന്നണിയിൽ പ്രതിസന്ധി കടുക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സ്ത്രീസുരക്ഷ നിലപാടിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് എം.എൽ.എക്കെതിരെ ഉയർന്നുവരുന്നത്. ആരോപണം ഉന്നയിച്ചവർ പരാതി നല്‍കിയാല്‍ കേസ് എടുക്കേണ്ടി വരും.ഇതോടെ പ്രതിസന്ധി കടുക്കുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.



Similar Posts