Kerala
ഗവർണറെ നേരിടാൻ സി.പി.എം തീരുമാനം; ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം വേഗത്തിലാക്കും
Kerala

ഗവർണറെ നേരിടാൻ സി.പി.എം തീരുമാനം; ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം വേഗത്തിലാക്കും

Web Desk
|
7 Nov 2022 1:11 AM GMT

ഈ മാസം 15ലെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാനുള്ള നടപടികളും ഇടതുമുന്നണി ആരംഭിച്ചു. ഒരുലക്ഷം പേരെങ്കിലും രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അവകാശവാദം.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചതോടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നിയമനിർമാണം വേഗത്തിലാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന കരട് ബിൽ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്ന ഗവർണറുടെ നടപടിക്കെതിരെ കോടതിയേയും സമീപിക്കും.

സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഗവർണറെ നേരിടാനാണ് സി.പി.എം തീരുമാനം. ചാൻസലർ സ്ഥാനത്ത് ഗവർണർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടറിമാരും വ്യക്തമാക്കിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയുടെ അനുമതി കൂടി ലഭിച്ചതോടെ നിയമനിർമാണം വൈകില്ലെന്ന് ഉറപ്പായി.

ഓർഡിനൻസിലൂടെ ഗവർണറെ ഒഴിവാക്കാനാണ് സർക്കാർ നീക്കം എന്നാണ് സൂചന. നേരത്തെ തന്നെ ഓർഡിനൻസ് ഭരണത്തിനെതിരെ നിലപാടെടുത്ത ഗവർണർ വീണ്ടും സർക്കാരിനെതിരെ നിലപാട് കടുപ്പിക്കും എന്നുറപ്പ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ബില്ലായി സഭയിൽ കൊണ്ടുവരാനാണ് ആലോചന. അവിടെയും തടസ്സമുണ്ടായാൽ കോടതിയിലേക്കാകും സർക്കാരിന്റെ അടുത്ത നീക്കം.ബില്ലുകൾ അനിശ്ചിതമായി ഒപ്പിടാതെ പിടിച്ചുവെക്കാൻ ഗവർണർക്കാകില്ലെന്നും സി.പി.എം പറയുന്നു. അതിനെതിരെ സുപ്രിംകോടതിയെ അടക്കം സമീപിക്കാനാണ് തീരുമാനം.

ഈ മാസം 15ലെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാനുള്ള നടപടികളും ഇടതുമുന്നണി ആരംഭിച്ചു. ഒരുലക്ഷം പേരെങ്കിലും രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അവകാശവാദം. ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന രാജ്ഭവൻ മാർച്ചിൽ ഡി.എം.കെ പ്രതിനിധികളും ദേശീയ രാഷ്ട്രീയത്തിലെ ഇടതു നേതാക്കളും പങ്കെടുക്കും.

Similar Posts